ഒഐസിസിയുടെ സഹായത്താല്‍ മണികണ്ഠന്‍ നാട്ടിലെത്തി
Saturday, October 25, 2014 7:52 AM IST
റിയാദ്: തൊഴില്‍ കരാര്‍ ലംഘിച്ച കമ്പനിയുടെ പീഢനവും രോഗവും മൂലം ദുരിതത്തിലായ മലയാളിയെ മലപ്പുറം ജില്ലാ ഒഐസി.സി പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമഫലമായി നാട്ടിലയച്ചു.

മലപ്പുറം ആലുങ്ങല്‍ സ്വദേശി മണികണ്ഠന്‍ മൂന്ന് വര്‍ഷം മുമ്പാണ് റിയാദിലെ ഒരു കമ്പനിയില്‍ ജോലിക്കു വന്നത്. 1000 റിയാല്‍ ശമ്പളത്തില്‍ ജോലി ചെയ്ത മണികണ്ഠനെ കരാര്‍ കാലാവധിയായ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കമ്പനി അധികൃതര്‍ നാട്ടിലയക്കാന്‍ തയാറായില്ല. ഇതിനിടയില്‍ അസുഖ ബാധിതനായി രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിട്ടും മാനേജ്മെന്റ് ഒന്നും ചെയ്യാന്‍ തയാറായില്ല.

ശാരീരികാവശതകള്‍ ജോലി ചെയ്യാന്‍ കഴിയാത്ത വിധം തളര്‍ത്തുകയും കിട്ടുന്ന ശമ്പളം മരുന്നിന് പോലും തികയാതെ വരികയും ചെയ്തപ്പോള്‍ വീണ്ടും നാട്ടിലയക്കാന്‍ അപേക്ഷിച്ചെങ്കിലും എക്സിറ്റ് അടിക്കാന്‍ 6000 റിയാലാണ് അവര്‍ ആവശ്യപ്പെട്ടത്. ഈ ദുരവസ്ഥ സാമൂഹ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയില്‍ നിന്നും മനസിലാക്കിയ മലപ്പുറം ജില്ലാ ഒഐസിസി പ്രവര്‍ത്തകര്‍ മണികണ്ഠനെ സഹായിക്കാന്‍ മുന്നോട്ട് വന്നു.

തെന്നല മൊയ്തീന്‍ കുട്ടിയുടേയും സക്കീര്‍ ധാനത്തിന്റേയും നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി കമ്പനി അധികൃതര്‍ 3000 റിയാല്‍ കൊടുത്താല്‍ എക്സിറ്റ് കൊടുക്കാമെന്ന് സമ്മതിച്ചു. ഒഐസിസി സംഘടിപ്പിച്ച പണവും ടിക്കറ്റും നല്‍കിയപ്പോള്‍ അവര്‍ എക്സിറ്റ് വീസ അടിച്ചു നല്‍കി. കഴിഞ്ഞ ദിവസം മണികണ്ഠന്‍ നാട്ടിലേക്ക് തിരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍