വാഴ്ത്തപ്പെട്ട ജോസഫ് വാസിന്റെ നാമകരണം: ഗോവയില്‍നിന്നും 1000 പേര്‍ പങ്കെടുക്കും
Saturday, October 25, 2014 8:07 AM IST
പനാജി: അടുത്ത വര്‍ഷം ജനുവരിയില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വാഴ്ത്തപ്പെട്ട ഫാ.ജോസഫ് വാസിനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ ഗോവയില്‍നിന്നും 1000 വിശ്വാസികള്‍ പങ്കെടുക്കും. ചടങ്ങിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച നടത്താനും ഗോവയില്‍നിന്നുള്ള വിശ്വാസിസംഘം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ആദ്യ വിശുദ്ധനായ ജോസഫ് വാസ് ഗോവയില്‍ ജനിച്ചുവളര്‍ന്നയാളാണ്. അതിനാല്‍ത്തന്നെ ശ്രീലങ്കയ്ക്കൊപ്പം ഗോവയിലെ വിശ്വാസിസമൂഹവും ആഹ്ളാദനിറവിലാണ്.

കര്‍ണാടകയിലെ മംഗലാപുരത്തിനടുത്ത മുഡിപ്പിലുള്ള വാഴ്ത്തപ്പെട്ട ജോസഫ് വാസിന്റെ തീര്‍ഥാടനകേന്ദ്രം ഏറെ വിശ്വാസികള്‍ സന്ദര്‍ശിച്ചുവരുന്നതാണ്. ഇവിടെയും നാമകരണത്തോടനുബന്ധിച്ചു വിവിധ തിരുക്കര്‍മ്മങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാമകരണചടങ്ങിനോടനുബന്ധിച്ചു ഗോവ അതിരൂപതയില്‍ വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്െടന്ന് വൈസ് പോസ്റുലേറ്റര്‍ ഫാ.എറെമിറ്റോ റെബല്ലോ പറഞ്ഞു. മാര്‍പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനപരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെങ്കിലും ഗോവയില്‍നിന്നുള്ള വിശ്വാസിസംഘത്തിന് കൂടിക്കാഴ്ച നടത്താനുള്ള സൌകര്യമൊരുക്കണമെന്ന് ഗോവ ആര്‍ച്ച്ബിഷപും കൊളംബോ ആര്‍ച്ച്ബിഷപും മാര്‍പാപ്പയുടെ സന്ദര്‍ശന സംഘാടകസമിതി ചെയര്‍മാനുമായ കര്‍ദിനാള്‍ രഞ്ജിത്തിനോട്അഭ്യര്‍ത്ഥിച്ചിട്ടുണ്െടന്നും ഫാ.റെബല്ലോ വ്യക്തമാക്കി. 17-ാം നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ട ജോസഫ് വാസ് ജനിച്ചുവളര്‍ന്ന ഗോവയിലെ സാന്‍കൊളെ ഇടവകദേവാലയത്തിലും വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

നാമകരണത്തോടനുബന്ധിച്ച് പനാജിയില്‍നിന്നും കൊളംബോയിലേക്ക് പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ച് സഭാനേതൃത്വത്തിന് സംസ്ഥാനസര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. തങ്ങളുടെ വിശുദ്ധന്‍ ജനിച്ചുവളര്‍ന്ന നാടു കാണാന്‍ ശ്രീലങ്കയില്‍നിന്നും വരുംനാളുകളില്‍ ഗോവയിലേക്കു തീര്‍ഥാടകരുടെ പ്രവാഹമുണ്ടാകുമെന്നാണു വിലയിരുത്തല്‍. അതിനാല്‍ പനാജിക്കും കൊളംബോയ്ക്കുമിടയില്‍ ആഴ്ചയിലൊരിക്കലെങ്കിലും നേരിട്ടുള്ള വിമാനസര്‍വീസ് വേണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.

ഗോവന്‍ തലസ്ഥാനമായ പനാജിയില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ബെനോലിം ഗ്രാമത്തിലാണ് 1651 ഏപ്രില്‍ 21ന് ഫാ.ജോസഫ് വാസ് ജനിച്ചത്. ഗോവ അതിരൂപതയ്ക്കുവേണ്ടി വൈദികനായതിനുശേഷമാണു മിഷന്‍പ്രവര്‍ത്തനത്തിനായി ശ്രീലങ്കയിലേക്കു പോയത്.പ്രതിസന്ധികളും പീഡനങ്ങളും അതിജീവിച്ചു ശ്രീലങ്കയില്‍ കത്തോലിക്കാസഭയ്ക്കു അടിത്തറപാകിയ ഫാ.ജോസഫ് വാസ് ശ്രീലങ്കയുടെ അപ്പസ്തോലനെന്നാണ് അറിയപ്പെടുന്നത്. 1711 ജനുവരി 16ന് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് അദ്ദേഹം ദിവംഗതനായത്. അടുത്ത വര്‍ഷം ജനുവരി 12മുതല്‍ 15 വരെയാണ് മാര്‍പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം. തുടര്‍ന്ന് മാര്‍പാപ്പ ഫിലിപ്പീന്‍സിലും സന്ദര്‍ശനം നടത്തും.