വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി പിക്നിക്ക് നടത്തി
Monday, October 27, 2014 4:57 AM IST
ഹൂസ്റന്‍: മിസൌറി സിറ്റിയിലെ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 18-ാം തീയതി നടത്തിയ സ്പോര്‍ട്സും പിക്നിക്കും അത്യന്തം ആകര്‍ഷകവും ആനന്ദപരവുമായി. ലേക് ഷോറിനും, ലേക്ക് ഒളിമ്പ്യാ, സിയന്നാപ്ളാന്റേഷനും സമീപം തിരയും തീരവും സമ്മളിതമായി പരിലസിക്കുന്ന പ്രകൃതിരമണീയമായ കിറ്റിഹൊളോ പാര്‍ക്കിലായിരുന്നു പിക്നിക്കും സ്പോര്‍ട്സും നടത്തിയത്. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയിലെ ആബാലവൃദ്ധം ജനങ്ങള്‍ പിക്നിക്കിനും കായികമേളക്കുമായി എത്തിയിരുന്നു. പാര്‍ക്കില്‍ വെച്ചുതന്നെ പരമ്പരാഗതമായ രീതിയില്‍ തീയില്‍ ചുട്ടെടുത്ത ബാര്‍ബിക്യു ഹാംബര്‍ഗര്‍, ഹോട്ട്ഡോഗ് തുടങ്ങിയ ഭക്ഷണങ്ങള്‍ കേരളാ ചില്ലി സോസേജിന്റെ അകമ്പടിയോടെ വിളമ്പി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ തരം കായിക മല്‍സരങ്ങളായിരുന്നു. ഇഞ്ചോടിഞ്ച് വാശിയേറിയ വടംവലി മല്‍സരത്തില്‍ വാട്ടര്‍ഫോര്‍ഡിലെ മലയാളി വനിതകള്‍ മികവു തെളിയിച്ചു കൊണ്ട് പുരുഷകേസരികളെ മലര്‍ത്തിയടിച്ചത് കൌതുകമായി. എന്നാല്‍ സ്ത്രീകളുടെ സന്തോഷത്തിനായി പുരുഷന്മാര്‍ തന്മയത്വമായി തോറ്റു കൊടുത്തതാണെന്നും സംസാരമുണ്ട്.

പിക്നിക്ക് തമാശകളും കമന്ററികളും ചലച്ചിത്ര ഗാനങ്ങളുംപരിപാടികള്‍ക്ക് കലാപരമായ മേമ്പൊടി നല്‍കി. അമേരിക്കനും ഇന്ത്യനുമായ ദേശീയഗാനാലാപനത്തോടെയാണ് പിക്നിക്ക് കായികമേള സമാപിച്ചത്. സണ്ണി, സുജ, ഡൈജു,ബൈജു, ബിനു, ഷിബു, റിനി, സോനി, ബിമ്പു, സുജ ചാക്കോച്ചന്‍, മനോജ്, ഷാജി, ജോളി,ഏലിയാമ്മ, ആന്‍സി, ആനി, തോമസ്, ജോഷി, മഞ്ജു, ഏലിയാസ്, റോണ്‍സി,ജോബിന്‍സ്, ചാക്കോച്ചന്‍, ബാബുദാസ്, അജിത്, സിന്ധു, ആല്‍ബി, ജൂലി, ജോസ്, ബിജു,മാത്യു, റബേക്ക, സാബു, മനോജ് നായര്‍, മാത്തുക്കുട്ടി, അനൂപ്, ഫിലിപ്പ്, ടിറ്റൊ തുടങ്ങിയവര്‍പിക്നിക്കിനും സ്പോര്‍ട്ട്സിനും നേതൃത്വം നല്‍കിയവരില്‍ പെടുന്നു.

എ.സി.ജോര്‍ജ് (പ്രസിഡന്റ്), ജോബിന്‍സ് ജോസഫ് (വൈസ് പ്രസിഡന്റ്), സണ്ണി ജോസഫ്(സെക്രട്ടറി) മഞ്ജു മനോജ് ജോയി ((ജോയിന്റ് സെക്രട്ടറി) ജോണ്‍ വര്‍ഗീസ് (ട്രഷറര്‍),ഷിബു ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിങ്ങനെ ഒരു കമ്മറ്റിയാണ് വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ചുക്കാന്‍ പിടിക്കുന്നത്. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ അടുത്ത ആഘോഷപരിപാടി ജനുവരി 10-ാം തീയതി നടത്തുന്ന ക്രിസ്മസ്-പുതുവല്‍സരംസെന്റ് ജോസഫ്സ് സീറൊ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തിലായിരിക്കും.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്