ബെന്‍സലേം പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളിന് കൊടിയേറി
Tuesday, October 28, 2014 6:48 AM IST
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളിന് കൊടിയേറി. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ടു വരെ നടക്കുന്ന പെരുന്നാള്‍ ആചരണത്തിന് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത സഖറിയ മാര്‍ നിക്കളാവോസ്, അഹമ്മദാബാദ് മെത്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ നേതൃത്വം നല്‍കും.

30ന് (വ്യാഴം) ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഹൌസില്‍ വൈകുന്നേരം ഏഴിന് പ്രാര്‍ഥന സംഗമം നടക്കും.

31ന് (വെള്ളി) വൈകുന്നേരം ഏഴിന് വി. കുര്‍ബാന, സുവിശേഷ പ്രസംഗം, ആശീര്‍വാദം എന്നിവയ്ക്ക് യൂലിയോസ് മെത്രാപോലീത്ത കാര്‍മികത്വം വഹിക്കും.

നവംബര്‍ ഒന്നിന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ ഫാമിലി കോണ്‍ഫറന്‍സ് നടക്കും. റവ. ഫാ. ജോണ്‍ സാമുവല്‍ (സെന്റ് പ്ളാഡിമേഴ്സ് സെമിനാരി), റവ. ഡീക്കന്‍ ഏബ്രഹാം ഫിലിപ്പ് (ന്യൂയോര്‍ക്ക്) എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും. ആറിന് സന്ധ്യസമസ്കാരം, അനുസ്മരണ പ്രഭാഷണം, അശീര്‍വാദം എന്നിവയ്ക്ക് സഖറിയ മാര്‍ നിക്കാളാവോസ് മെത്രാപോലീത്ത കാര്‍മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിനമായ രണ്ടിന് (ഞായര്‍) റവ. ഫാ. ജോണ്‍ സാമുവേലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പെരുന്നാള്‍ സന്ദേശവും നല്‍കും. തുടര്‍ന്ന് പെരുന്നാള്‍ പ്രദക്ഷിണം, മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

പെരുന്നാള്‍ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി വികാരി ഫാ. ഷിബു മത്തായി അറിയിച്ചു.