മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം
Tuesday, October 28, 2014 6:50 AM IST
മരിലാന്റ്: മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും രണ്ടാം ഭാര്യയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഭര്‍ത്താവിനു ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു. ഭാര്യയുടെ വിധി പിന്നീട്.

മുന്‍ ഭാര്യ പ്രീത ഗാബയെ (49) ഭര്‍ത്താവ് ബാല്‍ഡിയൊ തനേജയും (63) രണ്ടാം ഭാര്യ രമീന്ദര്‍ കൌറും (63) ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2013 ഒക്ടോബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാഷ്വില്ല ടൌണില്‍ നിന്നും ജര്‍മന്‍ ടൌണിലേക്ക് ഡ്രൈവ് ചെയ്ത് അവിടെ വച്ച് മുന്‍ ഭാര്യ പ്രീതയെ വെടിവച്ചതിനുശേഷം ഇരുവരും നാഷ്വില്ലയിലേക്ക് മടങ്ങിയെന്നാണ് പോലീസ് കേസ്.

ഒക്ടോബര്‍ 15 ന് മോണ്ട് ഗോമറി കൌണ്ടി സര്‍ക്യൂട്ട് കോടതി ഭര്‍ത്താവ് ബാല്‍ഡിയോയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2002 ല്‍ ഇന്ത്യയില്‍ വച്ചാണ് ബാല്‍ഡിയ പ്രീതയെ വിവാഹം കഴിച്ചത്. 2010 ല്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞു. മുന്‍ ഗേള്‍ ഫ്രന്റായിരുന്ന രമീന്ദര്‍ കൌറിനെ ഭാര്യയായി സ്വീകരിച്ചു. തുടര്‍ന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് പ്രീതയുടെ കൊലപാതകത്തില്‍ അവസാനിച്ചത്.

ഒഹായൊ സ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുളള ബാല്‍ഡിയൊ റോക്ക് വില്ലായിലുളള ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍