നായര്‍ ബനവലന്റ് അസോസിയേഷന്‍ ശിശുദിനം ആഘോഷിക്കുന്നു
Wednesday, October 29, 2014 4:50 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനമായ ബെല്‍റോസിലെ 24017 ബ്രാഡക്ക് അവന്യൂവില്‍ വച്ച് നവംബര്‍ 15 ശനിയാഴ്ച്ച പകല്‍ 12 മുതല്‍ വളരെ വിപുലമായി ശിശുദിനം ആഘോഷിക്കുന്നു. വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കായി വിവിധ കലാ മത്സരങ്ങളും സംഘടിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് രഘുവരന്‍ നായര്‍ അറിയിച്ചു.

ഈ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണം എന്ന് സെക്രട്ടറി ശോഭാ കറുവക്കാട്ട് അഭ്യര്‍ത്ഥിച്ചു. അന്നേ ദിവസം പിക്നിക്കില്‍ വച്ച് നടന്ന കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും നല്‍കുന്നതാണ് എന്ന് കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ഹരിലാല്‍ നായരും കലാ സതീഷും സംയുക്തമായി അറിയിച്ചു. ഓണാഘോഷവേളയില്‍ കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികളെയും അനുമോദിക്കുന്നതിനും അഭിനന്ദിക്കുന്നതിനും വേണ്ടി അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും അവര്‍ അറിയിക്കുകയുണ്ടായി.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ യൂത്ത് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കിരണ്‍ പിള്ളയെ 914 712 5146 എന്ന നമ്പറില്‍ വിളിക്കുക. കോ ചെയര്‍പേഴ്സണ്‍സ് ആയി ബീനാ മേനോനും ദീപാ നായരും പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍