'ഡല്‍ഹി ജുമാ മസ്ജിദ് ഇമാമിനു നേരെ നടന്ന ആക്രമണം അപലപനീയം'
Wednesday, October 29, 2014 6:38 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആത്മീയ നേതാവും വിവിധ മുസ്ലിം സംഘടനകളുടെ അധ്യക്ഷനുമായ ഡല്‍ഹി ജുമാ മസ്ജിദ് ഇമാമിനു നേരെ നടന്ന ആക്രമണം അത്യന്തികം അപലപനീയവും ആരാധനാലയത്തോടുള്ള അവഹേളനവുമാണെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന മേഹ്രോളി ഹിസ്ററിക്കല്‍ റിസര്‍ച്ച് കമ്മീഷന്‍ യോഗത്തില്‍ അബൂബക്കര്‍ അമാനി അഭിപ്രായപ്പെട്ടു.

സന്ധ്യാ നമസ്കാരത്തിന് ഇടയ്ക്കു വച്ചായിരുന്നു ആക്രമണം നടന്നത്. എല്ലാ വിശ്വാസികള്‍ക്കിടയിലും സൌഹാര്‍ധം കാത്തു സൂക്ഷിച്ചിരുന്ന ഇമാം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയിരുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ശ്രദ്ധേയമാണ്. വിവിധ ആരാധനാലയങ്ങള്‍ക്കു നേരെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് നിരവധി ആരാധനാലയങ്ങള്‍ ഇതിനകം ആക്രമണങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇമാമിന് നേരെ നടന്ന ആക്രമണം.

ഇക്കാര്യത്തില്‍ ഗൌരവമായി അന്വേഷിക്കുകയും അക്രമിയെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നും അക്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കും.

യോഗത്തില്‍ ഡല്‍ഹി ജുമാമസ്ജിദിനു സുരക്ഷ നല്‍കുന്നതിലുള്ള വീഴ്ചകള്‍ പരിഹരിക്കണമെന്നും മസ്ജിദിലും പരിസരത്തുമായി പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ലഫ്.ഗവര്‍ണര്‍ നജീബ് ജംഗിന് പരാതി സമര്‍പ്പിക്കുമെന്നും അബൂബക്കര്‍ അമാനി അറിയിച്ചു.