യുക്മ ഈസ്റ് ആംഗ്ളിയ റീജിയണല്‍ കലാകിരീടം ഇപ്സ്വിച്ച് മലയാളി അസോസിയേഷന്
Thursday, October 30, 2014 8:04 AM IST
ക്യാന്‍വെ ഐലന്റ് : തെംസ് നദിയിലെ ഓളങ്ങള്‍ പോലെ ഈസ്റ് ആംഗ്ളിയായിലെ കലാകാരന്മാര്‍ ചുവടുവച്ചപ്പോള്‍ ക്യാന്‍വെ ഐലന്റില്‍ പിറന്നത് പുതു ചരിത്രം. ഞായറാഴ്ച ക്യാന്‍വെ ഐലന്റില്‍ മഴയും കാറ്റും മാറി നിന്നപ്പോള്‍ പാഡോക് കമ്യൂണിറ്റി സെന്ററിലെ സ്റേജുകളില്‍ കലയുടെ പേമാരിയും കൊടുങ്കാറ്റും പെയ്തിറങ്ങി. ഇപ്സ്വിച്ചിലെ ചുണക്കുട്ടികള്‍ സ്റേജില്‍ മിന്നല്‍ പിണരുകളായി മാറിയപ്പോള്‍ ഈസ്റ് ആംഗ്ളിയ റീജിയണല്‍ കലാകിരീടം ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ (കങഅ) സ്വന്തമാക്കി.

ഈസ്റ് ആംഗ്ളിയ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാന്‍വേ ഐലന്റിലെ പാഡോക് കമ്യൂണിറ്റി സെന്ററില്‍ നടന്ന കലാമേളക്ക് ബാസില്‍ഡന്‍ മലയാളി അസോസിയേഷനും സൌത്തെന്റ് മലയാളി അസോസിയേഷനും പരിപൂര്‍ണ സഹകരണം നല്‍കി.

രണ്ടു സ്റേജുകളിലായി രാവിലെ പത്തരയോടെ മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ സദസും തിങ്ങിനിറഞ്ഞിരുന്നു. പ്രധാന സ്റേജില്‍ ആദ്യ മത്സരങ്ങള്‍ക്ക് തുടക്കമിട്ടശേഷമാണ് കലാമേളയുടെ ഔദ്യോഗികമായ ഉദ്ഘാടം നടന്നത്. യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിലവിളക്ക് തെളിച്ച് കലാമേള ഉദ്ഘാടനം ചെയ്തു. വേദിയില്‍ ഈസ്റ് ആംഗ്ളിയ റീജിയണിന്റെ താരങ്ങളായ സെബാസ്റ്യന്‍ ഭരണികുളങ്ങര (ഇപ്സ്വിച്ച്), ആന്‍ മേരി ജോജോ (ബെഡ്ഫോര്‍ഡ്ഷെയര്‍), സ്നേഹ സജി (ബാസില്‍ഡണ്‍), എന്നിവരും സന്നിഹിതരായിരുന്നു. സമ്മേളത്തില്‍ റീജിയണ്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ് സ്വാഗതവും പ്രസിഡന്റ് ജയ്സണ്‍ ചാക്കോച്ചന്‍ അധ്യക്ഷപ്രസംഗവും ട്രഷറര്‍ സണ്ണി മത്തായി നന്ദി പ്രകാശനവും നടത്തി. ഈസ്റ് ആംഗ്ളിയ റീജിയണിന്റെ വിവിധ ഭാരവാഹികളും വേദിയില്‍ സന്നിഹിതരായിരുന്നു.

13 അസോസിയേഷനില്‍ നിന്നും മുന്നൂറോളം മത്സരാര്‍ഥികള്‍ ആണ് കലാമേളയില്‍ വിവിധ പരിപാടികളില്‍ മാറ്റുരച്ചത്. രണ്ടു സ്റേജുകളിലായി അരങ്ങേറിയ മത്സരങ്ങള്‍ സമയ കൃത്യതയോടെ നടത്തുവാനും അവസാനിപ്പിക്കുവാനും ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് കഴിഞ്ഞു. ജയ്സണ്‍ ചാക്കോച്ചന്‍, കുഞ്ഞുമോന്‍ ജോബ്, അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, ഷാജി വര്‍ഗീസ്, ജിജോ ജോസഫ്, രഞ്ജിത് കുമാര്‍, ജെയിംസ് ജോസഫ്, അജിത് അച്ചാണ്ടില്‍, സജിലാല്‍ വാസു, ഓസ്റിന്‍ അഗസ്റിന്‍, തോമസ് മാറാട്ടുകുളം, സണ്ണി മത്തായി, ഏബ്രഹാം ലൂക്കോസ്, ജോര്‍ജ് പൈലി, അലക്സ് ലൂക്കോസ്, ബേബി തോമസ്, ബിനോ അഗസ്റിന്‍, വിനി കുന്നത്ത്, പ്രദീപ് കുരുവിള, ജിസ് ജോസ്, ബേബി ജോസഫ്, ജോര്‍ജ് ജോസഫ്, ജേക്കബ് തോമസ്, ജോബി ജോണ്‍, ജോഷി ഐസക്, തോമസ് എസ്. ജോസഫ് (ജോമിച്ചന്‍), ദീപക്, സുനില്‍, ജോ വി. ജോര്‍ജ്, ഡാര്‍ലി ജോസഫ്, നൈസ് ജോസഫ്, ഷിബു മാത്യു എന്നിവരും ബാസില്‍ഡണിലെയും സൌതെന്റിലെയും അസോസിയേഷന്‍ പ്രവര്‍ത്തകരും കലാമേളയെ വിജയിപ്പിക്കുന്നതില്‍ പിന്തുണ നല്‍കി. യുക്മ നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷണല്‍ പിആര്‍ഒ ബാല സജീവ് കുമാറും പങ്കെടുത്തു.

വൈകുന്നേരം 6.30 ഓടെ ആദ്യ ഫല പ്രഖ്യാപനം നടത്തി. മത്സരങ്ങളുടെ ഇടയ്ക്ക് ഫല പ്രഖ്യാപനം നടത്തിയതും അസോസിയേഷന്റെ പോയിന്റ് നില പ്രഖ്യാപിച്ചതും മുന്‍ സെക്രട്ടറി തോമസ് മാറാട്ടുകുളത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ വന്‍ വിജയമാണ്. മത്സരത്തിനു പുറമേ രുചിയുടെ നിറക്കൂട്ടുകളും കാണികള്‍ക്ക് ഹരമായി. മിതമായ വിലയ്ക്ക് ഭക്ഷണം ഒരുക്കിയതും ഒരു പുതുമയായി.

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ 130 പോയിന്റുകള്‍ നേടി ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ (ഐഎംഎ) വിജയിച്ചു. 80 പോയിന്റുമായി ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ റണ്ണേഴ്സ് അപ്പായി. 59 പോയിന്റുകള്‍ വീതം നേടിയ സൌത്തെന്റ് മലയാളി അസോസിയേഷനും ലൂട്ടന്‍ മലയാളി അസോസിയേഷനും മൂന്നാംസ്ഥാനം പങ്കിട്ടു. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ 52, നോര്‍വിച്ച് മലയാളി അസോസിയേഷന്‍ 28, കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ 8 എന്നിങ്ങയൊണ് പോയിന്റുനില.

കലാതിലകവും കലാപ്രതിഭയും ആയി ആരും തിരഞ്ഞെടുക്കപ്പെട്ടില്ല. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ വ്യതിഗത ചാമ്പ്യന്മാരായി ഐഎംഎയുടെ സെബാസ്റ്യന്‍ ഭരണികുളങ്ങരയും ലൂട്ടന്‍ മലയാളി അസോസിയേഷിലെ ആനി അലോഷ്യസും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 13 ഉം 17 ഉം പോയിന്റ് ലഭിച്ചു.

നവംബര്‍ എട്ടിന് ലെസ്ററില്‍ നടക്കുന്ന നാഷണല്‍ കലാമേളയില്‍ ഈസ്റ് ആംഗ്ളിയ റീജിയണ്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുമെന്ന പ്രഖ്യാപനം നടത്തിയാണ് അര്‍ധരാത്രിയോടെ കലാകാരന്മാര്‍ പിരിഞ്ഞത്.