ശമ്പള പാക്കേജ് അപര്യാപ്തം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിക്കൊരുങ്ങുന്നു
Thursday, October 30, 2014 8:06 AM IST
ബാംഗളൂര്‍: ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെമുതല്‍ രാജിവയ്ക്കും. 4,500 മെഡിക്കല്‍ ഓഫീസര്‍മാരും കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 280 ഡോക്ടര്‍മാരുമാണു രാജിക്കൊരുങ്ങുന്നത്. ഡോക്ടര്‍മാരുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ശമ്പളവര്‍ധനവ് നടപ്പാക്കാമെന്ന് ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, മന്ത്രി പ്രഖ്യാപിച്ച പാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാര്യമായ ഫലമുണ്ടായില്ലെന്നും അതിനാല്‍ കൂട്ടരാജിയുമായി മുന്നോട്ടുപോകുകയാണെന്നും കര്‍ണാടക സ്റേറ്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ജി.എ. ശ്രീനിവാസ് അറിയിച്ചു.

ജീവനക്കാരുടെ അപര്യാപ്തതമൂലം തങ്ങള്‍ക്കു അമിത ജോലിഭാരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇക്കാര്യം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 331 ജനറല്‍ ഡോക്ടര്‍മാരെയും 87 ദന്ത ഡോക്ടര്‍മാരെയും 380 ഡ്രൈവര്‍മാരെയും നഴ്സുമാരും പാരാമെഡിക്കല്‍ സ്റാഫുമായി 1228 പേരെയും 983 സ്പെഷലിസ്റുകളെയും 877 മെഡിക്കല്‍ സ്റാഫിനെയും ഉടന്‍ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് അവഗണിച്ച് സമരവുമായി മുന്നോട്ടുപോകാനാണ് ഡോക്ടര്‍മാരുടെ തീരുമാനമെങ്കില്‍ നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് യാതൊരു അസൌകര്യവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഡോക്ടര്‍മാരുടെ സമരം നേരിടാനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമാന്തര സംവിധാനത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഡോക്ടര്‍മാര്‍ കൂട്ടമായി രാജിവച്ചാല്‍ കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നറിയുന്നു.