പ്രവാസി കേരള കലാസന്ധ്യ: നീനാ കുറുപ്പ് മുഖ്യാതിഥി
Friday, October 31, 2014 7:25 AM IST
മെല്‍ബണ്‍: മെല്‍ബണിലെ വിവിധ മലയാളി സംഘടനകളിലെ കലാകാരന്മാരേയും കലാകാരികളേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനായി നവംബര്‍ 15 ന് (ശനി) വൈകിട്ട് മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് സ്കൂള്‍ ഹാളില്‍ നടക്കുന്ന പ്രവാസി കേരളാ കലാസന്ധ്യയില്‍ സിനിമാതാരം നീനാ കുറുപ്പ് മുഖ്യാതിഥിയാകും.

'ശ്രീധറിന്റെ ഒന്നാം തിരുമുറിവ്' എന്ന സിനിമയിലൂടെ സിനിമാ രംഗത്തെത്തിയ നീനാ കുറുപ്പ് വിവിധ സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടിവി അവതാരകയായും നര്‍ത്തകിയായും മലയാളികളുടെ ഇടയില്‍ ഇന്നും സജീവമായി നില്‍ക്കുന്നു. പ്രവാസി കേരളാ കലാസന്ധ്യയില്‍ നീനാ കുറുപ്പിന്റെ ബോളിവുഡ് ഡാന്‍സ് വ്യത്യസ്ത അനുഭവമായിരിക്കും. ക്ളാസിക്കല്‍ നൃത്തവും കലാസന്ധ്യയിലെ വേദിയില്‍ നീനാ കുറുപ്പ് അവതരിപ്പിക്കും.

മെല്‍ബണിലെ അറിയപ്പെടുന്ന ഗായകരുടേയും ഗായികമാരുടെയും ഗാനമേളയും ഉണ്ടായിരിക്കും. വളര്‍ന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘാടകര്‍ ഈ കലാസന്ധ്യക്ക് തുടക്കമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായ ഇന്നസെന്റ് ജോര്‍ജ് 041 202 4706, സെബാസ്റ്റ്യന്‍ ഒറവന്‍കര 045 243 2510, ജോസഫ് ചാക്കോ 041 280 4639 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍