ബ്രണ്ടന്‍ ബോയലിന്റെ ഫണ്ട് റെയ്സിംഗ് വന്‍ വിജയമായി
Tuesday, November 4, 2014 5:53 AM IST
ഫിലാഡല്‍ഫിയ: യു.എസ് കോണ്‍ഗ്രസിലെ പതിമൂന്നാമത് ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്ന ബ്രണ്ടന്‍ ബോയലിനുവേണ്ടി ഇന്ത്യന്‍ സമൂഹം നടത്തിയ ഫണ്ട് റെയ്സിംഗ് വന്‍ വിജയമായി. സ്റേറ്റ് റെപ്രസന്റേറ്റീവായ ബോയല്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നത് ഇതാദ്യമാണ്.

മെയ് മാസത്തില്‍ നടന്ന പ്രൈമറിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ബോയലിന്റെ വിജയത്തിനുവേണ്ടി ഇന്ത്യന്‍ സമൂഹം സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രവര്‍ത്തിക്കുന്നു.

ബോയലിന്റെ വിനയം നിറഞ്ഞ പെരുമാറ്റവും, സൌഹൃദ സമീപനവും ആരേയും ആകര്‍ഷിക്കും. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ഉത്തമ സുഹൃത്തായ ബോയലിന്റെ കാമ്പയിനില്‍ അലക്സ് തോമസ്, സുധ കര്‍ത്താ, ജോബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ അറ്റോര്‍ണി ജോസ് കുന്നേല്‍, സജി കരിങ്കുറ്റി തുടങ്ങി ധാരാളം പേര്‍ പ്രവര്‍ത്തിക്കുന്നു.

ഒക്ടോബര്‍ പത്തിന് നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയയിലെ ഷുനന്‍ ഈസ്റ് റെസ്റോറന്റില്‍ നടന്ന ഫണ്ട് റെയ്സിംഗ് മീറ്റിംഗില്‍ ജഗദീഷ് പട്ടേല്‍, കരണ്‍ ചന്ദ്, മണിലാല്‍ മത്തായി, ഈപ്പന്‍ മാത്യു, ഫിലിപ്പോസ് ചെറിയാന്‍, ജോര്‍ജ് ഓലിക്കല്‍ തുടങ്ങി ധാരാളം പേര്‍ പങ്കെടുത്തു.

സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് എന്നും മുമ്പന്തിയില്‍ നില്‍ക്കുന്ന ബോയല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, സീനിയര്‍ സിറ്റിസണ്‍സിന്റെ അവകാശങ്ങള്‍ക്കും വേണ്ടി ശക്തമായി തുടര്‍ന്നും വാദിക്കുമെന്ന് വ്യക്തമാക്കി.

അലക്സ് തോമസ് സ്വാഗതം ആശംസിച്ചു. സുധ കര്‍ത്താ ബ്രണ്ടന്‍ ബോയലിനെ പരിചയപ്പെടുത്തി. ജോബി ജോര്‍ജ് എം.സിയായിരുന്നു. കാമ്പയിന്‍ മാനേജര്‍ സ്കോട്ട് ഷെപ്പേര്‍ഡ്, മെലിസ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

നവംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബട്ടണ്‍ 202 ആണ് ബ്രണ്ടന്‍ ബോയലിന്റെ നമ്പര്‍. വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കുവന്‍ ആഹ്വാനം ചെയ്യുന്നു. ജോബി ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം