വിദേശ മലയാളി സംഘടനകളുമായി സഹകരിച്ചു 'മലയാള മിഷന്‍' പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും
Tuesday, November 4, 2014 8:57 AM IST
ഫ്ളോറിഡ: വിദേശങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ രണ്ടാം തലമുറയെ മലയാള ഭാഷ പഠിപ്പിക്കുന്നതിന് രൂപീകരിച്ച മലയാള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിദേശ മലയാളി സംഘടനകളുമായി സഹകരിച്ച് ഊര്‍ജിതപ്പെടുത്തുമെന്ന് കേരള സാംസ്കാരിക മന്ത്രി കെ.സി ജോസഫ് ഉറപ്പ് നല്‍കി.

നവംബര്‍ രണ്ടിന് (ഞായര്‍) വൈകിട്ട് അമേരിക്കയിലെ മലയാളി സാഹിത്യ സംഘടനയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്റെ 84-മത് ടെലികോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ.സി. ജോസഫ്.

കേരളമെന്ന സങ്കല്‍പ്പം യഥാര്‍ഥമായി 58 വര്‍ഷം പിന്നിടുന്നു. കേരളത്തില്‍ മാറിമാറി വന്ന മുന്നണി ഗവണ്‍മെന്റുകള്‍ അതാതു കാലഘട്ടങ്ങളില്‍ സ്വീകരിച്ച നടപടികള്‍ മൂലം കേരളം വികസന രംഗത്ത് ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയിട്ടുണ്ട്. കേരള മോഡല്‍ വികസനം എന്നതു വിദേശ രാജ്യങ്ങളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ വികസനം ഭാഷാ രംഗത്തും പ്രകടമാണ്. മലയാള ഭാഷ ഒന്നാം ഭാഷയായി, മലയാള ഭാഷ ഭരണ ഭാഷയായി വളര്‍ച്ചയുടെ പടവുകള്‍ അതിവേഗമാണ് പിന്നിട്ടത്.

മലയാള ഭാഷയ്ക്ക് സ്വന്തമായൊരു യൂണിവേഴ്സിറ്റി എന്ന സ്വപ്നം യാഥാര്‍ഥ്യമായത് രണ്ടു വര്‍ഷം മുമ്പാണ്. ഇതിനിടയില്‍ മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം എന്നീ ഭാഷകള്‍ക്കുശേഷം മലയാള ഭാഷ ഇന്ന് അഞ്ചാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ തിരൂരില്‍ ഭാഷയുടെ പിതാവായ തുഞ്ചത്ത് ആചാര്യന്റെ പേരില്‍ സ്ഥാപിതമായ മലയാളം യൂണിവേഴ്സിറ്റി മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തികൊണ്ടിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ഒന്നാം തലമുറ മലയാള നാടിനോടു വലിയ ബന്ധമുളളവരാണ്. അവരുടെ ബാല്യ കാല സ്മരണകള്‍ ഇന്നും അവരോടൊപ്പം ഉണ്ടാകും. രണ്ടാം തലമുറ അങ്ങനെയല്ല. അവര്‍ അവിടെ ജനിച്ചു വളര്‍ന്നവരാണ്. അവര്‍ക്ക് മലയാള ഭാഷയെന്നതു വിദൂര സങ്കല്പമാണ്. ഈ സാഹചര്യത്തില്‍ കുട്ടികളെ മലയാള ഭാഷയും കേരളത്തിന്റെ സംസ്കാരിക പൈതൃകവും പഠിപ്പിക്കുന്നതിന് വിദേശ മലയാളി സംഘടനകള്‍ക്ക് സര്‍വവിധ പിന്തുണയും സഹായവും മലയാള മിഷന്‍ നല്‍കുമെന്ന് കെ.സി. ജോസഫ് വ്യക്തമാക്കി.

കേരളപിറവി കൊണ്ടാടുമ്പോള്‍ അഭിമാനകരമായ ഒരു ചരിത്രം കേരളത്തിനുണ്ട്. നമ്മുടെ നാട്, നമ്മുടെ ഭാഷ, നമ്മുടെ മലയാളം, നമ്മുടെ അമ്മ മലയാളം, മലയാള ഭാഷയുടെ വികസനത്തിനായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം. എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും കേരളപിറവി ദിനാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

സാഹിത്യ സല്ലാപത്തില്‍ മലയാള മിഷന്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച നടന്നു. ജയന്‍ മുണ്ടയ്ക്കന്‍ മോഡറേറ്ററായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്‍പ്പതോളം പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍