പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി പഠനസംഘം കേരള പര്യടനത്തിന്
Wednesday, November 5, 2014 3:49 AM IST
ന്യൂഡല്‍ഹി: പ്രഫ. കെ.വി. തോമസ് ചെയര്‍മാനായുള്ള പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ പഠനപര്യടനസംഘം കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. 10 മുതല്‍ 14 വരെയാണ് കേരളം, ലക്ഷദ്വീപ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്നത്. 10നു വൈകുന്നേരം കൊച്ചിയിലെത്തുന്ന സംഘം മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

11നു ദക്ഷിണ നാവികസേനയുടെ നേവല്‍ കമാന്‍ഡ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന സംഘം 12ന് ലക്ഷദ്വീപിലെയും 13നു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും പരിശോധിക്കും.

പാര്‍ലമെന്റിലെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടുന്ന 20 അംഗ സംഘമാണ് പര്യടനത്തിനെത്തുന്നതെന്നും മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുന്നത് സംസ്ഥാനത്തിന് വളരെയേറെ സഹായകരമാകുമെന്നും കെ.വി. തോമസ് അറിയിച്ചു.