മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ 69-ാമത് ജന്മദിനം ആഘോഷിച്ചു
Wednesday, November 5, 2014 4:57 AM IST
ഷിക്കാഗോ: സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ 69-ാമത് ജന്മദിനം ഒക്ടോബര്‍ 26-ന് (ഞായര്‍) സമുചിതമായി ആഘോഷിച്ചു.

മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സപ്തതിയിലേക്ക് പ്രവേശിക്കുന്ന പിതാവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചു. രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, ഫിനാന്‍സ് ഓഫീസര്‍ റവ.ഫാ. പോള്‍ ചാലിശേരി, കത്തീഡ്രല്‍ അസിസ്റന്റ് റവ.ഫാ. റോയി മൂലേച്ചാലില്‍, റവ.ഡോ. ടോം എംഎസ്എഫ്എസ് എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

കത്തീഡ്രല്‍ ഇടവകയെ പ്രതിനിധീകരിച്ച് ജോണ്‍ കൂള പിതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷനെന്ന നിലയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിലൂടെ അമേരിക്കയിലെ സീറോ മലബാര്‍ സമൂഹത്തിന് ലഭിച്ചിരിക്കുന്ന സ്തുത്യര്‍ഹമായ നേട്ടങ്ങളെ ജോണ്‍ കൂള തന്റെ ആശംസാ പ്രസംഗത്തില്‍ അനുസ്മരിച്ചു. 2001-ല്‍ വെറും രണ്ട് ഇടവകകളും ആറു മിഷനുകളുമായി ആരംഭിച്ച ഷിക്കാഗോ സീറോ മലബാര്‍ രൂപത 13 വര്‍ഷങ്ങള്‍ കൊണ്ട് 33 ഇടവകകളും മുപ്പത്തിയഞ്ച് മിഷനുകളുമായി സീറോ മലബാര്‍ സഭാംഗങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന വടക്കേ അമേരിക്കയുടെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചു. പിതാവിന്റെ ശക്തമായ ആത്മീയ നേതൃത്വത്തിലൂടെ രൂപത- ഇടവക മിഷന്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമതയും രൂപഭാവങ്ങളും ലഭിച്ചു. ഇനിയും രൂപതയെ ഉയരങ്ങളില്‍ എത്തിക്കാന്‍ പിതാവിന് സാധിക്കട്ടെ എന്ന് കത്തീഡ്രല്‍ ഇടവകാംഗങ്ങളുടെ പേരില്‍ ജോണ്‍ കൂള ആശംസിച്ചു.

തുടര്‍ന്ന് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന കേക്ക് മുറിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് മുന്‍ മന്ത്രിയും ഇപ്പോള്‍ കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് പിതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

രൂപതയ്ക്ക് കൈവന്നിരിക്കുന്ന വളര്‍ച്ചയും നേട്ടങ്ങളുമെല്ലാം ദൈവ ദാനങ്ങളാണെന്നും വൈദീകരുടേയും ദൈവജനത്തിന്റേയും കൂട്ടായ ഫലമാണെന്നും പിതാവ് മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു. ദൈവം തന്ന അവര്‍ണനീയമായ ദാനങ്ങള്‍ക്ക് നന്ദി പറയുവാന്‍ സപ്തതിവര്‍ഷം കൂടുതല്‍ ഉത്തരവാദിത്വപ്പെടുത്തുന്നതായി മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം