'കെ.എം മാണിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചന ശക്തമായി നേരിടണം'
Wednesday, November 5, 2014 4:58 AM IST
ന്യൂയോര്‍ക്ക്: കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവും അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വവുമായ കെ.എം മാണിയെ അധിക്ഷേപിക്കാന്‍ മോഹഭംഗം സംഭവിച്ച ഏതാനും മദ്യകച്ചവടക്കാര്‍ ഇറങ്ങിത്തിരിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കമ്മിറ്റി വ്യക്തമാക്കി.

അഞ്ചു പതിറ്റാണ്ടു കാലത്തെ സത്യസന്ധവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹാദരങ്ങള്‍ പടിച്ചുപറ്റിയ കെ.എം മാണിയോട് രാഷ്ട്രീയ അസൂയയുള്ള ചില കപടനാട്യക്കാര്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശല്‍ അവസാനിപ്പിക്കുന്നത് യുഡിഎഫ് മുന്നണിക്കുതന്നെ ഗുണകരമായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

അല്ലാത്തപക്ഷം കെ.എം മാണിയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതകരിക്കേണ്ടിവരും.

നവംബര്‍ രണ്ടിന് (ഞായര്‍) വൈകുന്നേരം കൂടിയ കോണ്‍ഫറന്‍സ് കോളില്‍ നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര (ഷിക്കാഗോ) അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കുകയും സംഭവവികാസങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മാത്തുക്കുട്ടി ആലുംപറമ്പില്‍, ഷോളി കുമ്പിളുവേലി, സജി പുതൃക്കയില്‍, ജോണ്‍ സി. വര്‍ഗീസ്, ജോര്‍ജ് പനയ്ക്കല്‍, തോമസ് ഏബ്രഹാം, ബേബിച്ചന്‍ ചാമക്കാല, ബാബു പടവത്തില്‍, വര്‍ഗീസ് കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. മാത്യു മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി