കേരളപ്പിറവിയും മലയാളം സ്കൂളിന്റെ വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു
Thursday, November 6, 2014 7:22 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ എസ്.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളം സ്കൂളിന്റെ വാര്‍ഷികവും, കേരളപ്പിറവി ദിനാഘോഷങ്ങളും സംയുക്തമായി നവംബര്‍ രണ്ടാം തിയതി ഞായറാഴ്ച ആഘോഷിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. നമ്മുടെ ഭാഷയും സംസ്കാരവും പകര്‍ന്നു നല്‍കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അല്ലാത്തപക്ഷം 'മലയാളി' എന്ന സമൂഹം തന്നെ കാലക്രമേണ അമേരിക്കയുടെ ചരിത്രത്തില്‍ നിന്നു തന്നെ തുടച്ചു മാറ്റപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്കാരിക യോഗം, ജോര്‍ജ് ജോസഫ് , ഫാ. റോയിസന്‍, ജോസ് ഞാറകുന്നേല്‍, മേരിക്കുട്ടി തെള്ളിയാങ്കല്‍, ആന്റണി കൈതാരം എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. അക്ഷരങ്ങളുടെ ലോകത്തിലേക്ക് പുതിയതായി കടന്നു വന്ന കുട്ടികളെ ഫാ.റോയിസന്‍ അരിയില്‍ ആദ്യാക്ഷരം എഴുതിച്ചു.

മലയാളം സ്കൂള്‍ പ്രിന്‍സിപ്പാള്‍ മേരിക്കുട്ടി തെള്ളിയാങ്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ സ്കൂള്‍ രൂപകല്പന ചെയ്ത അഞ്ച് ക്ളാസുകളിലേക്കുള്ള മലയാളം പാഠപുസ്തകങ്ങള്‍ ഇതിനോടകം തന്നെ വിവിധ സംഘടനകളുടെ പ്രശംസ പിടിച്ചു പറ്റിയിച്ചുണ്ട്. കൂടാതെ മറ്റ് മലയാളം സ്കൂളുകളും ഇതേ പുസ്തകം വാങ്ങി പഠിപ്പിക്കുകയും ചെയ്തു വരുന്നു.

എസ്.എം.സി.സി പ്രസിഡന്റ് ജോസ് ഞാറകുന്നേല്‍ സ്വാഗതവും, വൈസ് പ്രിന്‍സിപ്പാള്‍ ജോജോ ഒഴുകയില്‍ നന്ദിയും പറഞ്ഞു. കെന്നിറ്റാ കുമ്പിളുവേലില്‍ എം.സിയായി പരിപാടികള്‍ നിയന്ത്രിച്ചു.

തുടര്‍ന്ന് മലയാളം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച തങ്ങളുടെ ഭാഷാ നൈപുണ്യതയും, സംസ്കാരവും വെളിവാക്കുന്ന വിവിധ കലാപരിപാടികള്‍ എല്ലാവരുടെയും മുക്തകണ്ഡമായ പ്രശംസ പിടിച്ചു പറ്റി. കൂടാതെ, എല്‍ദോ കുരുന്നപ്പള്ളി , ജോസി പൈലി, സിബിച്ചന്‍ മാമ്പിള്ളി , സീനിയ കണ്ടത്തില്‍, ബിജു പടിഞ്ഞാറേക്കളം , തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി