സ്റ്റാറ്റന്‍ ഐലന്‍ഡില്‍ മാര്‍ ജോയ് ആലപ്പാട്ടിന് സ്വീകരണം നല്‍കി
Thursday, November 6, 2014 11:16 AM IST
ന്യുയോര്‍ക്ക്: ഷിക്കാഗോ സെന്‍റ്റ് തോമസ് സീറോ-മലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന് സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ളസഡ് കുഞ്ഞച്ചന്‍ ഇടവകയുടെ നേതൃത്വത്തില്‍ പ്രൌഢഗംഭീരവും സ്േനഹോഷ്മളവുമായ സ്വീകരണവും അനുമോദന സമ്മേളനവും നടത്തപ്പെട്ടു. രൂപതയുടെ സഹായ മെത്രാനായശേഷം ആലപ്പാട്ട് പിതാവ് നടത്തിയ പ്രഥമ ഇടയ സന്ദര്‍ശനത്തിന് സാക്ഷികളാകുവാന്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സമൂഹത്തിലെ വിവിധ മത-സാമൂഹിക പ്രതിനിധികളും എത്തിചേര്‍ന്നിരുന്നു.

ഒക്ടോബര്‍ 18 ശനിയാഴ്ച വൈകുന്നേരം 4:30-ന് ബേ സ്ട്രീറ്റിലുള്ള സെന്‍റ്റ് മേരീസ് പള്ളിയങ്കണത്തില്‍ എത്തിചേര്‍ന്ന അഭിവന്ദ്യ പിതാവിനെ കൈക്കാരന്‍ ദേവസ്യാച്ചന്‍ മാത്യു ബൊക്കെ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന്, കേരള തനിമയിലുള്ള കൊടികള്‍, മുത്തുക്കുടകള്‍, താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചു. വികാരി ഫാ. സിബി വെട്ടിയോലില്‍ കത്തിച്ച തിരി നല്‍കി പിതാവിനെ പള്ളിയിലേക്ക് സ്വീകരിക്കുകയും സെന്‍റ്റ് മേരീസ് പള്ളിയുടെ പാസ്ററര്‍ റവ. വിക്ടര്‍ ബുബന്‍ഡോര്‍ഫ് സ്വാഗതം ആശംസിക്കുകയും ചെയ്തു.

പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സെന്‍റ്റ് മേരീസ് പാരീഷ് ഹാളില്‍ കൂടിയ അനുമോദന സമ്മേളനം ലിന്‍ജു ജോസഫിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ചു. ജോഷ്വാ ജോസഫ് നാഷണല്‍ ആന്‍ഥം ആലപിച്ചു. തുടര്‍ന്ന്, നോര്‍ത്തീസ്റ്റ് റീജിയണിലെ വിവിധ ക്രിസ്തീയ സഭകളെയും ഇടവകകളെയും പ്രതിനിധീകരിച്ച് ഫാ ടി എ തോമസ് (സെന്‍റ്റ് മേരീസ് ഓര്‍ത്തഡോകസ്), ഫാ തദേവൂസ് അരവിന്ദത്ത് (റോക്ക്ലാന്‍ഡ്), ഫാ അലക്സ് ജോയി (സെന്‍റ്റ് ജോര്‍ജ് ഓര്‍ത്തഡോകസ്), ഫാ തോമസ് കടുകപ്പിള്ളില്‍ (ഈസ്റ്റ് മില്‍സ്റ്റോണ്‍), ഫാ മാത്യൂസ് എബ്രഹാം (മാര്‍ത്തോമ്മ ചര്‍ച്ച്), ഫാ ചെറിയാന്‍ മുണ്ടക്കല്‍ (മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോകസ്), ഫാ ജോ കാരിക്കുന്നേല്‍, ഫാ ജോണ്‍ കല്ലാറ്റില്‍, ഫാ ജോബി പുന്നിലത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മത-സാമൂഹിക പ്രവര്‍ത്തകരും മലയാളി സംഘടനാ പ്രതിനിധികളുമായ ഡോ. രാമചന്ദ്രന്‍ നായര്‍ (ഹിന്ദു ടെംബിള്‍-നായര്‍ ബെനവലന്‍റ്റ്), പ്രസന്ന ബാബു (എസ് എന്‍ ഡി പി), രാജു മൈലപ്ര (അശ്വമേധം), ഷാജി എഡ്വേര്‍ഡ് (ഫോമ), ബേബി ഊരാളില്‍ (ക്നാനായ അസോസിയേഷന്‍), ഡോ. ജോസ് കാനാട്ട് (ഗ്ളോബല്‍ മലയാളി), ലീല മാരേട്ട് (ഫോക്കാന), ഷീല ശ്രീകുമാര്‍ (കരുണ ചാരിറ്റീസ്), എസ് എസ് പ്രകാശ് (മലയാളി അസോസിയേഷന്‍), കൊച്ചുമ്മന്‍ കാമ്പിയില്‍ (കേരള സമാജം) എന്നിവരും അഭിവന്ദ്യ പിതാവിന് ആശംസകള്‍ നേരുകയുണ്ടായി. ഇടവകയിലെ എസ് എം സി സി പ്രസിഡന്‍റ്റ് ആന്‍റ്റോ ജോസഫ്, വിമന്‍സ് ഫോറം പ്രസിഡന്‍റ്റ് ഡെയ്സി തോമസ് എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി പിതാവിനെ അനുമോദിച്ചു. ആലപ്പാട്ട് പിതാവ് രചിച്ച സുപ്രസിദ്ധ ഭക്തിഗാനം (കാനായിലെ കല്ല്യാണ നാളില്‍...) ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ആലപിച്ച് പിതാവിന്റെ ബഹുമാനാര്‍ത്ഥം സമര്‍പ്പിച്ചു. ബാബു നരിക്കുളം, വില്യംസ് അലക്സാഡര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

പിതാവ് തന്റെ മറുപടി പ്രസംഗത്തില്‍, തനിക്കു നല്‍കിയ സ്േനഹോഷ്മള സ്വീകരണത്തിനും അനുമോദനാശംസകള്‍ക്കും ഏവര്‍ക്കും നന്ദി പറയുകയും,
ഒപ്പം വരുംതലമുറയുടെ കാര്യത്തില്‍ പ്രവാസികളായ എല്ലാ മലയാളി സമൂഹങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഒന്നാണെന്നും, അത് തരണം ചെയ്യാന്‍ എല്ലാ മത-സാമൂഹിക വിഭാഗങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു. തുടര്‍ന്ന്, പിതാവിന് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള കേക്ക് മുറിച്ച് ഏവരും മധുരം പങ്കുവയ്ക്കുകയും ചെയ്തു.

സ്വീകരണ പരിപാടികള്‍ക്ക് തോമസ് തോമസ് പാലത്തറ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. ജോര്‍ജ് മുണ്ടിയാനി ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. കൈക്കാരന്‍ ഫിലിപ്പ് പായിപ്പാട്ട് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിനു ശേഷം ഷാജി മാത്യു, സ്റ്റാന്‍ലി ജോസഫ് , ബേബി ആന്‍റ്റണി എന്നിവരുടെ മേല്‍നോട്ടത്തില്‍ വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ബേബിച്ചന്‍ പൂഞ്ചോല