ഐഎപിസി: പത്രപ്രവര്‍ത്തക മഹാസംഗമത്തിന് വേദിയായി ഹില്‍ട്ടണ്‍ ഹോട്ടല്‍
Friday, November 7, 2014 6:51 AM IST
ന്യൂജേഴ്സി: ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബിന്റെ ഉദ്ഘാടനവും ദേശീയ സെമിനാറും നടക്കുന്ന ന്യൂജേഴ്സിയിലെ ഹില്‍ടണ്‍ ഹോട്ടല്‍ ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകരുടെ മഹാസംഗമത്തിനു വേദിയാകുന്നു. നവംബര്‍ 15 നു നടക്കുന്ന ഉദ്ഘാടനത്തിനും ഏകദിന മാധ്യമ സെമിനാറിനും പ്രസ്ക്ളബ് അംഗങ്ങളുള്‍പ്പെടെ ഇരുന്നൂറ്റിയമ്പതോളം പേരാണ് പങ്കെടുക്കുന്നത്. ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ മാധ്യമ സമൂഹത്തിന്റെ മഹാവിജയമാക്കാനുള്ള ശ്രമത്തിലാണ് പ്രസ്ക്ളബ് ഭാരവാഹികള്‍.

ഉദ്ഘാടനത്തിനും ഏകദിന സെമിനാറിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്നു ഐഎപിസി പ്രസ്ക്ളബ് പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു. ഐഎപിസി രൂപീകരിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നു പ്രസ്ക്ളബിനു ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്കു സംഘടനയുടെ രൂപീകരണം നവോന്മേഷം നല്‍കിയതായി പ്രസ്ക്ളബ് ജനറല്‍ സെക്രട്ടറി വിനിത നായര്‍ പറഞ്ഞു.

പത്രപ്രവര്‍ത്തക കൂട്ടായ്മയെന്ന നിലയില്‍ പത്രപ്രവര്‍ത്തകര്‍ക്കു പ്രയോജനം ലഭിക്കുന്ന വിഷയത്തിലാണ് ആദ്യ സെമിനാര്‍. ഫോട്ടോ ജേര്‍ണലിസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് ഫോട്ടോ ജേര്‍ണലിസം രംഗത്തെ അതികായരാണ് ഇന്തോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ ആദ്യ ദേശീയ സെമിനാര്‍ നയിക്കുന്നത്. നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരില്‍ ഹാക്കിന്റെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി എന്ന വിഷയത്തിലും പ്രശസ്ത ഇന്ത്യന്‍ വിദേശ ഫോട്ടോഗ്രഫര്‍ പരേഷ് ഗാന്ധിയുടെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫി എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. ലീഗല്‍ ആസ്പെക്ട്സ് ആന്‍ഡ് റിലേറ്റഡ് ഇഷ്യൂസ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ആനന്ദ് അഹൂജയുടെ നേതൃത്വത്തില്‍ ബോധവകരണ ക്ളാസും ഉണ്ടാകും. റിസ്ക് മാനേജ്മെന്റ് ഓഫ് ജേര്‍ണലിസ്റ് എന്ന വിഷയത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഈശോ ജേക്കബിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മാസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന യോഗത്തിലാണ് മാധ്യമ കൂട്ടായ്മയുടെ പുത്തന്‍ ചരിത്രം രചിച്ചുകൊണ്ടു ഇന്തോ അമേരിക്കന്‍ പ്രസ്ക്ളബ് രൂപീകൃതമായത്.