മാധ്യമ സ്വാതന്ത്യ്രം ചര്‍ച്ചയായ വേദിയില്‍ പ്രസ് ക്ളബ് അവാര്‍ഡുകള്‍ ജോണി ലൂക്കോസിനും എം.ജി. രാധാകൃഷ്ണനും സമ്മാനിച്ചു
Monday, November 10, 2014 5:12 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കൊക്കെ വലിയ തിരിച്ചടിയാണ് ജനം എക്കാലവും നല്‍കിയിട്ടുള്ളതെന്ന് മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ടൈസന്‍ സെന്ററില്‍ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരം ജോണി ലൂക്കോസ് (മനോരമ ടിവി), എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ്) എന്നിവര്‍ക്ക് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂയോര്‍ക്കില്‍ പ്രസംഗിച്ചത് മഹാസംഭവമാക്കി മാറ്റാന്‍ ഗുജറാത്തി സമൂഹത്തിനായി. അതുപോലെ മലയാളി സമൂഹവും ഭിന്നതയ്ക്കപ്പുറത്ത് പൊതുവായ കാര്യങ്ങളില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കണമെന്ന് പ്രേമചന്ദ്രന്‍ അഭ്യര്‍ഥിച്ചു.

ചടങ്ങില്‍ ഡോ. റോയ് പി. തോമസിനേയും പ്രിന്‍സ് മര്‍ക്കോസിന്റെയും ആദരിച്ചു. കൈരളി ടിവിയിലൂടെ ഡോ. റോയി തോമസ് അവതരിപ്പിക്കുന്ന ആരോഗ്യപംക്തി 500 എപ്പിസോഡ് പിന്നിടുകയും അതിനു കേരളത്തില്‍ വലിയ പ്രചാരം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതു പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്. സമ്മേളനങ്ങളില്‍ നര്‍മ്മത്തിലൂടെ മനം കവരുന്ന ഡോ. റോയി തോമസ് 40 കഴിഞ്ഞാലുള്ള പ്രേമവും പ്രമേഹവും വിവരിച്ചത് ചിരിയുണര്‍ത്തി.

പ്രസ് ക്ളബ് ദേശീയ വൈസ് പ്രസിഡന്റ് ജോസ് കാടാപുറം ആമുഖ പ്രസംഗം നടത്തി. എം.സിയായിരുന്ന നാഷണല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍ പ്രസ് ക്ളബിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് പ്രത്യേക അഭിവാദ്യമര്‍പ്പിച്ചു. അധ്യക്ഷത വഹിച്ച നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, പ്രസ് ക്ളബ് അംഗങ്ങളുടെ സാഹോദര്യത്തിലാണ് ഈ സംഘടന കെട്ടിപ്പെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഭിന്നതകള്‍ക്കോ താന്‍പോരിമകള്‍ക്കോ ഇതില്‍ സ്ഥാനമില്ല. സ്വന്തം പണവും സമയവും ചെലവഴിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഇവിടുത്തെ പ്രവര്‍ത്തകരുടെ അര്‍പ്പണബോധം തന്നെയാണ് പ്രസ് ക്ളബിന്റെ കൈമുതലും- ടാജ് മാത്യു ചൂണ്ടിക്കാട്ടി.

അവാര്‍ഡ് ജേതാക്കളെ ഡോ. കൃഷ്ണകിഷോര്‍, ജോസ് കാടാപുറം, ജോര്‍ജ് ജോസഫ് എന്നിവര്‍ പരിചയപ്പെടുത്തി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാനഡയില്‍ നിന്ന് എത്തിയ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണിന് ഭാരവാഹികള്‍ പ്രത്യേക നന്ദി പറഞ്ഞു.

പ്രസ് ക്ളബ് നിയുക്ത പ്രസിഡന്റ് ശിവന്‍ മുഹമ്മ, അഡ്വൈസറി ബോര്‍ഡ് അംഗം ജോസ് കണിയാലി, ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ജോണ്‍ കൊളക്കാട്ട്, മനു തുരുത്തിക്കാടന്‍, മലയാള പത്രം എക്സിക്യൂട്ടീവ് എഡിറ്ററും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റുമായ ജേക്കബ് റോയി, റോക്ക്ലാന്റ് ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണമായ 'ചലനം' 1972-ല്‍ ആരംഭിച്ച ബിഷപ്പ് അച്ചോയ് മാത്യുവിന് പ്രസ് ക്ളബിന്റെ വിശിഷ്ടാംഗത്വം പ്രസിഡന്റ് ടാജ് മാത്യു നല്‍കി.