ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബ് ഉദ്ഘാടനച്ചടങ്ങിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു
Monday, November 10, 2014 5:12 AM IST
ന്യൂജേഴ്സി: ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബിന്റെ ഉദ്ഘാടനച്ചടങ്ങിന്റെയും ഏകദിന ദേശീയ സെമിനാറിന്റെയും പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചതായി ബോര്‍ഡ് ഓഫ് ഡയറകടേഴ്സ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ അറിയിച്ചു.

നവംബര്‍ 15 ന് ന്യൂജേഴ്സിയിലെ ഈസ്റ് റതര്‍ഫോഡിലുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ രാവിലെ ഒന്‍പതിന് ചടങ്ങുകള്‍ ആരംഭിക്കും. ഒന്‍പതു മുതല്‍ 12 വരെ നടക്കുന്ന ആദ്യസെഷനില്‍ ഐഎപിസി ടീമിന്റെ മീറ്റിംഗ്. തുടര്‍ന്ന് റിസ്ക് മാനേജ്മെന്റ് ഫോര്‍ ജേര്‍ണലിസ്റ്സ് എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഈശോ ജേക്കബ് ക്ളാസെടുക്കും. അതിനു ശേഷം ലീഗല്‍ ആസ്പെക്ട്സ് ആന്‍ഡ് റിലേറ്റഡ് ഇഷ്യൂസ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ആനന്ദ് അഹൂജ നേതൃത്വം നല്‍കുന്ന ബോധവല്‍ക്കരണ ക്ളാസ് നടക്കും.

12 മുതല്‍ 1.30 വരെയുള്ള ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാമത്തെ സെഷന്‍ ആരംഭിക്കും. 1.30 മുതല്‍ 4.30 വരെ രണ്ടു സെമിനാറുകളാണുള്ളത്. നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരില്‍ ഹാക്കിന്റെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി എന്ന വിഷയത്തിലും പ്രശസ്ത ഫോട്ടോഗ്രഫര്‍ പരേഷ് ഗാന്ധിയുടെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫി എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.

വൈകിട്ട് ആറുമുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കൌണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. മനോജ് കുമാര്‍ മൊഹപത്ര മുഖ്യപ്രഭാഷണം നടത്തും. ഒമ്പതിന് ഡിന്നറോടെ ചടങ്ങുകള്‍ അവസാനിക്കും.