ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഷിക്കാഗോ മാര്‍ത്തോമ ദേവാലയം ഇടവകദിനം ആഘോഷിച്ചു
Wednesday, November 12, 2014 7:16 AM IST
ഷിക്കാഗോ: ചരിത്ര സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന ഷിക്കാഗോയുടെ മണ്ണില്‍ ക്രൈസ്തവ സാക്ഷ്യം വിളിച്ചോതി കഴിഞ്ഞ നാല് ദശാബ്ദക്കാലമായി നിലകൊള്ളുന്നു ഷിക്കാഗോ മാര്‍ത്തോ ദേവാലയത്തിന്റെ ഈ വര്‍ഷത്തെ ഇടവക ദിനം നവംബര്‍ ഒമ്പതിന് (ഞായര്‍) ആഘോഷിച്ചു.

മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിലെ പ്രാരംഭ ഇടവകകളിലൊന്നായ ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തിന്റെ ഈ വര്‍ഷത്തെ ഇടവകദിന പരിപാടികളുടെ ഭാഗമായി ഷിക്കാഗോ സസ്പ്ളെയിന്‍സിലെ കമ്യൂണിറ്റി ഫൌണ്േടഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം ചെയ്യുവാന്‍ സാധിച്ചത് വേറിട്ട അനുഭവമായി. വിദ്യാഭ്യാസ ധനസഹായം, മെയിന്‍ ടൌണ്‍ഷിപ്പ്, ഫുഡ് പാന്‍ട്രി സഹായം, വിന്റര്‍ ഗിയര്‍ പ്രോഗ്രാം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം വിനിയോഗിക്കും.

സസ്പ്ളെയിന്‍സ് കമ്യൂണിറ്റി ഫൌണ്േടഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോസ് മേരി ആര്‍ഗസ്, ഇല്ലിനോയി ടെന്‍ത്ത് ഡിസ്ട്രിക്ട് സ്റേറ്റ് സെനറ്റര്‍ ജോണ്‍ മര്‍ലോസ്, ആള്‍ഡര്‍മാന്‍ പാട്രിഷ്യ ഹ്യൂബര്‍ഗ് എന്നിവര്‍ ഇടവക ദിന സമ്മേളനത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേരുകയും ദേവാലയത്തിന്റെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും സഹായ സഹകരണങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്കോപ്പ ഇടവക സമൂഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചു.

രാവിലെ നടന്ന വിശുദ്ധ കുര്‍ബാനക്ക് തിയൊഡൊഷ്യസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ. ഡാനിയേല്‍ തോമസ്, അസി. വികാരി റവ. സോനു സ്കറിയ, റവ. ബൈജു മാര്‍ക്കോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആരാധനയ്ക്കുശേഷം സ്തോത്ര പ്രാര്‍ഥനകളോടെ ആരംഭിച്ച ഇടവക ദിന സമ്മേളനത്തില്‍ റവ. ഡാനിയേല്‍ തോമസ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഇടവക പ്രവര്‍ത്തനങ്ങളുടെ സംഷിപ്ത റിപ്പോര്‍ട്ട് സെക്രട്ടറി മോനിഷ് ജോണ്‍ അവതരിപ്പിച്ചു. തുടര്‍ന്ന് തിരുമേനി ഇടവകദിന സന്ദേശം നല്‍കി. ശുശ്രൂഷയുടെ തിരുമേനിയുടെ മേല്‍പട്ടത്വ ശുശ്രൂഷയുടെ 25 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേക്കു മുറിക്കുകയും ചെയ്തു. കൂടാതെ 80 വയസ് പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളെ മീറ്റിംഗില്‍ ആദരിച്ചു. ഭദ്രാസനതലത്തില്‍ ഏര്‍പ്പെടുത്തിയ മെരിറ്റ് അവാര്‍ഡിന് ഇടവകയില്‍നിന്ന് അര്‍ഹരായവര്‍ക്കുള്ള പാരിതോഷികം തിരുമേനി വിതരണം ചെയ്യുകയും റവ. വി.ടി ജോണ്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. ഇടവക യൂത്ത് ഗ്രൂപ്പിന്റെ ഫണ്ട് റൈസര്‍ സമ്മാനദാനം സമ്മേളനത്തില്‍ തിരുമേനി നടത്തി. യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയില്‍ നടത്തുന്ന മലയാളം ക്ളാസിലെ വിദ്യാര്‍ഥികള്‍ മലയാള ഗാനങ്ങള്‍ ആലപിച്ചു. അസംബ്ളി മെംബര്‍ ഷാനി ഏബ്രഹാം സമ്മേളനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു. സമാപന പ്രാര്‍ഥനക്ക് റവ. ബൈജു മാര്‍ക്കോസ് നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെ ഇടവകദിന സമ്മേളനം സമാപിച്ചു. ഗോഡ്സി ലിബോയ് തോപ്പില്‍, ജോബിന്‍ ജോര്‍ജ് എന്നിവര്‍ അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം