നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Thursday, November 13, 2014 6:05 AM IST
ന്യൂജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ അവസാന ഘട്ടമായി നടത്തുന്ന എക്സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

ഡിസംബര്‍ 13 ന് പിസ്കാറ്റവേയിലുള്ള ദീവാന്‍ ബാന്‍കറ്റ് ഹാളില്‍ നടത്തുന്ന അവാര്‍ഡ് നൈറ്റില്‍, തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഞ്ചു വ്യക്തികളെ എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി നാമം ആദരിക്കും.

ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കൌണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. മനോജ് കുമാര്‍ മൊഹപത്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എന്ന് പ്രോഗ്രാം കണ്‍വീനര്‍ വിനീത നായര്‍ പറഞ്ഞു. അനഖ് ഇ ഗബ്രൂ എന്ന പ്രശസ്ത നൃത്ത സംഘം അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ നൃത്ത പരിപാടി, ന്യൂജേഴ്സിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക സുമ നായരുടെ ഗാനങ്ങള്‍, സൌപര്‍ണിക ഡാന്‍സ് അക്കാഡമിയുടെ നൃത്ത പരിപാടി, അവാര്‍ഡ് ജേതാക്കളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം, കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി ആസ്വാദ്യകരമായ പരിപാടികളാണ് ആനുവല്‍ ബാന്‍ക്വറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും.

സഞ്ജീവ് കുമാര്‍, ഡോ ഗീതേഷ് തമ്പി, ബിന്ദു സഞ്ജീവ്, സജിത്ത് പരമേശ്വരന്‍, അജിത് മേനോന്‍, ഡോ ഗോപിനാഥന്‍ നായര്‍, രാജശ്രീ പിന്റോ, അപര്‍ണ കണ്ണന്‍ , അരുണ്‍ ശര്‍മ , പ്രേം നാരായണന്‍, അനാമിക നായര്‍ , ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാര്‍, ജയകൃഷ്ണന്‍ നായര്‍, ഡോ പദ്മജ പ്രേം, മാലിനി നായര്‍, വിദ്യ രാജേഷ് തുടങ്ങിയര്‍ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഫിലടെല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറു കണക്കിന് കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കു ചേരാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാധവന്‍ ബി. നായര്‍ (732 718 7355), വിനി നായര്‍ (732 874 3168), ഡോ. ജിതേഷ് തമ്പി (732 804 2360), സഞ്ജീവ് കുമാര്‍ (732 306 7406). വു://ിമാമാ.ീൃഴ/