എന്‍.കെ പ്രേമചന്ദ്രന് മയാമിയില്‍ സ്വീകരണം നല്‍കി
Thursday, November 13, 2014 8:11 AM IST
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസി(ഫോമ)ന്റെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംപിയുമായ എന്‍.കെ പ്രേമചന്ദ്രന് ഫോര്‍ട്ട് ലോഡര്‍ഡേയിലെ ഇന്ത്യന്‍ ചില്ലീസ് റസ്ററന്റില്‍ നടത്തിയ സ്വീകരണ പരിപാടിയില്‍ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിന്നും പ്രമുഖര്‍ പങ്കെടുത്തു.

യോഗത്തില്‍ കേരള രാഷ്ട്രീയത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്ന എം.വി രാഘവന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഫോമ 2016 കണ്‍വന്‍ഷന്‍ ചെയര്‍മാനും പരിപാടിയിലെ എംസിയുമായിരുന്ന മാത്യു വര്‍ഗീസ് സംസാരിച്ചു. തുടര്‍ന്ന് ഫോമ നാഷണല്‍ കമ്മിറ്റി മെംബര്‍ എബി ആനന്ദ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, അമേരിക്കന്‍ മലയാളികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലേയും എംബസിയിലേയും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്ന അവഗണന എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.

മറുപടി പ്രസംഗത്തില്‍ ഫോമയുടെ സ്നേഹോഷ്മളമായ സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുകയും ഫോമ 2016 മയാമി കണ്‍വന്‍ഷന്‍ ഒരു ചരിത്ര വിജയമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഫോമ പ്രസിഡന്റ് സൂചിപ്പിച്ച എംബസിയില്‍ നിന്നും മറ്റുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലം തീര്‍ച്ചയായും പാര്‍ലമെന്റില്‍, ഗവര്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അതിനു കിട്ടുന്ന അവസരങ്ങള്‍ പരമാവതി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. മലയാള ഭാഷയേയും സാഹിത്യത്തെയും എക്കാലത്തും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.

ഫോമ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്, ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധി സുനില്‍ തൈമറ്റം, കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ പ്രതിനിധി ജോയ് കുറ്റ്യാനി, നവ കേരള ആര്‍ട്സ് ക്ളബ് പ്രസിഡന്റ് റെജി തോമസ്, കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് പ്രസിഡന്റ് ലൂക്കോസ് പൈനുംകല്‍ എന്നിവര്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്കു ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

തുടര്‍ന്നുനടന്ന ചോദ്യോത്തര വേളയില്‍ വിവിധ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ സദസിന്റെ ചോദ്യങ്ങള്‍ക്ക് പ്രേമചന്ദ്രന്‍ എംപി മറുപടി നല്‍കി. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് കൃതജ്ഞത അറിയിച്ചു.

റിപ്പോര്‍ട്ട്: എബി ആനന്ദ്