എബോള വൈറസിനുശേഷം ഡാളസില്‍ ചിക്കുന്‍ഗുനിയ
Friday, November 14, 2014 5:38 AM IST
ഡാളസ്: എബോള വൈറസ് ഭീഷണി നിയന്ത്രിക്കുന്നതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഒരു പരിധിവരെ വിജയിച്ചപ്പോള്‍ മാരകമായ ചിക്കുന്‍ഗുനിയ വൈറസ് ഡാളസില്‍ തല പൊക്കുന്നതായി റിപ്പോര്‍ട്ട്.

ഡാളസ് കൌണ്ടിയില്‍ ഇതുവരെ നാലു പേരില്‍ ചിക്കുന്‍ ഗുനിയാ വൈറസ് കണ്െടത്തിയതായി ഡാളസ് കൌണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് അധികൃതര്‍ അറിയിച്ചു. രോഗികളുടെ അഭ്യര്‍ഥന മാനിച്ചു കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

മനുഷ്യരിലേക്ക് ചിക്കുന്‍ ഗുനിയ വൈറസ് കടക്കുന്നതു കൊതുകുകളിലൂടെയാണ്. കൊതുകുകളെ നശിപ്പിക്കുന്നതിന് മരുന്ന് തളിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ശക്തമായ പനിയും സന്ധി വേദനയുമാണു രോഗലക്ഷണങ്ങള്‍.

വീടിന്റെ പരിസരങ്ങളില്‍ മലിനം ജലം കെട്ടിക്കിടക്കാന്‍ അനുവദിക്കരുതെന്നും കൊതുകുകള്‍ ഉളള സ്ഥലങ്ങളില്‍ പുറത്തു സഞ്ചരിക്കുന്നവര്‍ ശരീരം മുഴുവന്‍ കവര്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍