സൌത്ത് കരോളിന ഗവര്‍ണര്‍ അമൃത്സറില്‍
Monday, November 17, 2014 7:32 AM IST
ചണ്ഡിഗഡ്: ഇന്ത്യന്‍- അമേരിക്ക വംശജരില്‍ നിന്നും അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ ഗവര്‍ണറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട സൌത്ത് കരോളിന ഗവര്‍ണര്‍ നിക്കി ഹെയ്ലി ഇന്ത്യയിലെ ചരിത്ര പ്രധാനമായ അമൃത്സര്‍ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു.

നവംബര്‍ 13 ന് (വ്യാഴം) 18 സംഘാംഗങ്ങളോടൊപ്പമാണ് ബിസിനസ് ചര്‍ച്ചകള്‍ക്കും പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായി നിക്കി ഇന്ത്യയില്‍ എത്തിയത്. മുംബൈ, ന്യുഡല്‍ഹി, ചണ്ഡിഗഡ്, അമൃതസര്‍ എന്നീ സ്ഥലങ്ങളും ഗവര്‍ണര്‍ സന്ദര്‍ശിക്കും.

നാലുദശാബ്ദങ്ങള്‍ക്കുശേഷം ആദ്യമായാണ് പിതാവിന്റെ ജന്മ സ്ഥലമായ അമൃത്സറില്‍ നിക്ക് എത്തിചേര്‍ന്നത്. 1972 ല്‍ നിക്കിക്ക് രണ്ട് വയസുളളപ്പോള്‍ ഒരിക്കല്‍ ഇവിടെ വന്നതായി നിക്കി ഓര്‍ക്കുന്നു.

പഞ്ചാബിലെ ചണ്ഡിഗഡില്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റര്‍ സുഖ്ദീര്‍ സംഗുമായി നടന്ന ചര്‍ച്ചയില്‍ പഞ്ചാബിലെ എയ്റൊ -സ്പെയ്സ്, ഫാര്‍മ സെക്ടര്‍, ടൂറിസം, അഗ്രൊ, പ്രൊസസിംഗ് ഇന്‍ഡസ്ട്രി തുടങ്ങിയവയുടെ വികസനത്തില്‍ സൌത്ത് കരോളിനായുടെ സഹായ സഹകരണങ്ങള്‍ ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു.

നവംബര്‍ 15 ന് (ശനി) ഇന്ത്യയിലെ ചരിത്ര പ്രധാനമായ ജാലിയന്‍ വാലാബാഗ്, സുവര്‍ണ ക്ഷേത്രം ഗുരു നാനാക്ക് യൂണിവേഴ്സിറ്റി എന്നിവ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലുളള ഗവര്‍ണറുടെ നിരവധി ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം 24 ന് ഗവര്‍ണര്‍ സൌത്ത് കരോലിനായിലേക്ക് തിരിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍