വരയുടെ ഉത്സവമായി മിസിസാഗ കേരള അസോസിയേഷന്‍ ചിത്രരചനാ മത്സരം
Monday, November 17, 2014 7:38 AM IST
ടൊറന്റോ: വരയുടെ കൂട്ടുകാര്‍ എത്തിയത് ചായവും ബ്രഷും പെന്‍സിലുമെല്ലാമായി ഭാവന കടലാസിലേക്കു പകര്‍ത്തിയപ്പോള്‍ നിറഞ്ഞത് വര്‍ണവൈവിധ്യം. കുരുന്നുകള്‍ മടങ്ങിയതാകട്ടെ തങ്ങളുടെ കരവിരുതിനുംകൂടി നിറക്കൂട്ടുകള്‍ ചാലിച്ച്. മിസിസാഗ കേരള അസോസിയേഷന്റെ ആറാമത് ചിത്രരചനാ മത്സരം അക്ഷരാര്‍ഥത്തില്‍ കുട്ടികള്‍ക്ക് വരയുടെ ഉത്സവമായി.

ശിശുദിന ആഘോഷത്തോടനുബന്ധിച്ച് നടത്തി വരുന്ന മത്സരം മൂന്നു വിഭാഗങ്ങളിലായിട്ടാണ് നടത്തിയത്. അമ്മയ്ക്കൊരു പൂവ്, കാഴ്ച ബംഗ്ളാവ്, ഒളിംപിക്സ് എന്നിങ്ങനെയായിരുന്നു വിഷയങ്ങള്‍. ക്രയോണും പെന്‍സിലും ജലച്ചായവും എണ്ണച്ചായവുമെല്ലാം ആശയങ്ങള്‍ക്കു നിറമേകാന്‍ മത്സരാര്‍ഥികള്‍ ഉപയോഗിച്ചു.

അമ്മയ്ക്കൊരു പൂവ് വരയ്ക്കാനായിരുന്നു കൊച്ചു കുട്ടികളോട് ആവശ്യപ്പെട്ടതെങ്കിലും നിറങ്ങളുടെ പൂന്തോട്ടം തന്നെയാണ് മിക്കവരും സമ്മാനിച്ചത്. അല്‍പ്പംകൂടി മുതിര്‍ന്ന കുട്ടികളാകട്ടെ കാഴ്ചയുടെ വര്‍ണ ബംഗ്ളാവുകളാണ് വരച്ചുകൂട്ടിയത്. ഹൈസ്കൂള്‍ കുട്ടികള്‍ മാത്സര്യവീര്യത്തോടെ ഒരുക്കിയതാകട്ടെ ഒളിംപിക്സിന്റെ മായിക ലോകവും.

പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സാക്ഷ്യപത്രങ്ങള്‍ സമ്മാനിച്ചു. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാരുടെ പേരു വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ഒന്റാരിയോ പ്രൊവിന്‍ഷ്യാള്‍ പാര്‍ലമെന്റംഗം ഹരീന്ദര്‍ കെ. മല്‍ഹി മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍ അതിഥികളെ സ്വാഗതം ചെയ്തു. മിസിസാഗ നോര്‍ത്ത് - മാള്‍ട്ടന്‍ റൈഡിംഗിലെ ഫെഡറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി പ്രീതി ലാംബ മത്സരാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്രാംപ്ടണ്‍ ബോര്‍ഡ് ഓഫ് ട്രേഡ് ചെയര്‍പേഴ്സണ്‍ കന്‍വാര്‍ ധന്‍ചല്‍ പങ്കെടുത്തു.

അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ മുകുന്ദന്‍ മേനോന്‍, അരവിന്ദ് മേനോന്‍, തോമസ് ചാക്കോ എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് ഗാലയുടെ ഫ്ളയര്‍ പ്രകാശനം ചെയ്തു. സെക്രട്ടറി മഞ്ജുള ദാസ് നന്ദി പറഞ്ഞു.

കോ ഓര്‍ഡിനേറ്റര്‍മാരായ ജെറി ഈപ്പന്‍, മജോ വര്‍ഗീസ്, റോസ് ജോണ്‍സണ്‍, സുരേഷ് മേനോന്‍, അശോക് പിള്ള, ജോളി ജോസഫ്, ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്