കേരളവികസന മാതൃക അനുപമം: എം.ജി. രാധാകൃഷ്ണന്‍
Monday, November 17, 2014 7:41 AM IST
ഹുസ്റണ്‍: കേരളം ഇന്ന് നടപ്പിലാക്കുന്ന വികസന മാതൃക അനുപമവും ആഗോള സമൂഹത്തിനു മാതൃകാപരവുമാണെന്ന് പ്രശസ്ത ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റിന്റെ എഡിറ്ററുമായ എം.ജി. രാധാകൃഷ്ണന്‍.

ഹൂസ്റണില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലുതാകാതെ സമീകൃത സാമ്പത്തിക മാതൃകയാണ് കേരളം ഒരുക്കിയിരിക്കുന്നത്. കേരളം ഇന്ന് ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളിലൊന്നാണ്. വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, കര്‍ഷക ആത്മഹത്യാ നിരക്കിലുള്ള കുറവ് തുടങ്ങിയവയില്‍ കേരളം ഗുജറാത്തിനെയും മഹാരാഷ്ട്രയെയും ഒക്കെ മറികടന്നിരിക്കുകയാണ്. അതുകൊണ്ട് എല്ലാം ശുഭമാണ് എന്നര്‍ഥമാക്കേണ്ടാതില്ല. താഴെത്തട്ടിലുള്ള പ്രകടമായ അഴിമതി, നല്ല റോഡുകളുടെ അഭാവം എന്നിവയെല്ലാം നമ്മെ ബാധിക്കുന്നുണ്ട്. ഇതു കാലക്രമത്തില്‍ മാറാവുന്നതാണ്.

ലോകത്തെ എല്ലാ വികസിത രാജ്യങ്ങളും വികസനാരംഭത്തില്‍ അനുഭവിച്ച അതെ പ്രശ്നങ്ങള്‍ നമ്മെയും അഭിമുഖീകരിക്കുന്നുണ്ട്. ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ ഉയര്‍ന്ന ജനസാന്ദ്രത, സ്ഥല ദൌര്‍ലഭ്യം എന്നിവ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി നാം ചിന്തിക്കേണ്ടതുണ്ട്. കേരള വികസനത്തിന്റെ ഏറ്റം വലിയ സംഭാവന വിദേശ മലയാളികളില്‍ നിന്നുമാണ് എന്ന് കേരള ചരിത്രത്തില്‍ എന്നുമോര്‍ക്കപ്പെടും.

അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി) എം.ജി. രാധാകൃഷ്ണനേ കേരള ഹൌസിലേക്കും ഹൂസ്റണിലേക്കും സ്വാഗതം ചെയ്തു. ഏബ്രഹാം ഈപ്പന്‍ എം.ജി. രാധാകൃഷ്ണനേ സദസിനു പരിചയപ്പെടുത്തി. സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ അംഗം കെന്‍ മാത്യു പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി സുരേന്ദ്രന്‍ കോരന്‍ നന്ദി അറിയിച്ചു.