പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ അവാര്‍ഡുകള്‍ സമ്മാനിച്ചു
Monday, November 17, 2014 10:18 AM IST
ന്യൂഡല്‍ഹി: പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പത്രപ്രവര്‍ത്തന മികവിനുള്ള ദേശീയ അവാര്‍ഡ് ദീപിക തൃശൂര്‍ ന്യൂസ് എഡിറ്റര്‍ ഡേവിസ് പൈനാടത്ത് ഏറ്റുവാങ്ങി. നാഷണല്‍ പ്രസ് ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പുരസ്കാരം സമ്മാനിച്ചു.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റീസ് വെങ്കിടചെല്ലയ്യ, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ജസ്റീസ് മാര്‍ക്കണ്േടയ കട്ജു, കേന്ദ്ര വാര്‍ത്താ വിതരണ സഹമന്ത്രി കേണല്‍ രാജ്യവര്‍ധന്‍സിംഗ് റാത്തോഡ്, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ സെക്രട്ടറി വിഭ ഭാര്‍ഗവ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ത്രീ ശക്തി വിഭാഗത്തിലുള്ള മികവിന്റെ പുരസ്കാരത്തിനാണ് ഡേവിസ് പൈനാടത്ത് അര്‍ഹനായത്. ദീപികയില്‍ 2013 ഡിസംബര്‍ 13 മുതല്‍ 20 വരെ പ്രസിദ്ധീകരിച്ച വികസനവഴിയിലെ 'വിജയശ്രീ' എന്ന പരമ്പരയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഔട്ട്ലുക്കിലെ പ്രിയദര്‍ശിനി സെന്നും ഈയിനത്തില്‍ അവാര്‍ഡ് പങ്കിട്ടു. 1989ല്‍ ദീപികയില്‍ സബ് എഡിറ്ററായി ചേര്‍ന്ന ഡേവിസ് പൈനാടത്തിന് കേരള പ്രസ് അക്കാഡമി അവാര്‍ഡുകളുള്‍പ്പെടെ പതിനഞ്ചു മാധ്യമ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഗ്രാമീണ പത്രപ്രവര്‍ത്തന വിഭാഗത്തിലുള്ള അവാര്‍ഡ് ദേശാഭിമാനിയിലെ ആര്‍. സാംബനും ജാര്‍ഖണ്ഡിലെ ഖബര്‍ മന്ത്ര ദിനപത്രത്തിലെ കോറന്‍ലിയസ് മിന്‍സും ഏറ്റുവാങ്ങി. ക്രിയേറ്റീവ് എക്സലന്‍സ് വിഭാഗത്തിലെ അവാര്‍ഡുകള്‍ മലയാള മനോരമയിലെ എം. ഷജില്‍ കുമാറും ഔട്ട്ലുക്കിലെ ഉത്തം സെന്‍ഗുപ്തയും സ്വീകരിച്ചു. വികസനോന്മുഖ റിപ്പോര്‍ട്ടിംഗില്‍ ഡൌണ്‍ ടു എര്‍ത്തിലെ കുമാര്‍ സംഭവ് ശ്രീവാസ്തവ, ദി ഹിന്ദുവിലെ രാഹി ഗെയ്ക്ക്വാദ്, ഔട്ട് ലുക്കിലെ നേഹ ഭട്ട് എന്നിവര്‍ കരസ്ഥമാക്കി.

ഫോട്ടോ ജേര്‍ണലിസം അവാര്‍ഡുകള്‍ക്ക് നീരജ് പ്രിയദര്‍ശി, രവി കനോജിയ (ഇരുവരും ഇന്ത്യന്‍ എക്സ്പ്രസ്), കമല്‍ കിഷോര്‍ (പിടിഐ), പിയാല്‍ അധികാരി (യൂറോപ്യന്‍ പ്രസ് ഫോട്ടോ ഏജന്‍സി) എന്നിവര്‍ അര്‍ഹരായി.