'മീന' ഷിക്കാഗോയില്‍ വാര്‍ഷിക വിരുന്ന് സംഘടിപ്പിച്ചു
Monday, November 17, 2014 10:19 AM IST
ഷിക്കാഗോ: മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (മീന) ഇരുപത്തിരണ്ടാം വാര്‍ഷിക വിരുന്ന് ഗംഭീരമായി ആഘോഷിച്ചു.

കേരളീയ എന്‍ജിനിയര്‍മാര്‍ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചുകൂടിയ ഒരു അസുലഭ അവസരമായിരുന്നു ഇത്. വിവിര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അതിഥികളായി വന്ന വിശിഷ്ട വ്യക്തികള്‍ അവരുടെ അനുഭവങ്ങളും ദീര്‍ഘവീക്ഷണവും പങ്കുവച്ചു. വിഭവസമൃദ്ധമായ അത്താഴവും വര്‍ശബളമായ വിനോദ പരിപാടികളുമായി വാര്‍ഷിക വിരുന്ന് അവസാനിച്ചു.

കേരളത്തനിമയില്‍ ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് നാരായണന്‍ നായര്‍ സദസിനെ സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ജോസ് വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം നേര്‍ന്നു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ആന്റണി സത്യദാസ് ഐബിഎമ്മിന്റെ ആഗോള നേതൃനിരയില്‍ പ്രധാനിയാണ്. കോഗിനേറ്റീവ് കംപ്യൂട്ടിംഗ്, സീറോ ഇക്കോണമി, പരസ്പര പ്രബുദ്ധത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സവിസ്തരമായി സംസാരിച്ചു. ഐ.ബി.എം ആധുനികമായി വികസിപ്പിക്കുന്ന വാട്സണ്‍ അനലിറ്റിക്സിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. സാമൂഹിക ജീവിതത്തിലും വൈദ്യശാസ്ത്രത്തിലും വ്യാപാര രംഗത്തും ബിഗ് ഡേറ്റാ കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച്, കേരകളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിത്തീര്‍ന്ന പ്രഫ. ജോസഫ് മുണ്ടശേരിയുടെ കൊച്ചുമകനാണ് സത്യദാസ്.

നബ്രസ്ക യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രഫസറായി വിരമിച്ച ഡോ. നിര്‍മല്‍ ബ്രിട്ടോയുടെ മുഖ്യ സന്ദേശം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതായിരുന്നു. 'ചെയ്ജിനിയറിംഗ്' എന്ന പുതിയ ശബ്ദാലങ്കാരത്തിലൂടെ മലയാളി എന്‍ജിനിയര്‍മാര്‍ക്ക് ദീര്‍ഘവീക്ഷണവും സൃഷ്ടിപരമായ ആശയവും ഉള്ളവരായിത്തീരാന്‍ കഴിയും എന്നുള്ളത് സ്വന്ത അനുഭവങ്ങള്‍ പങ്കുവച്ച് ഡോ. ബ്രിട്ടോ സംസാരിച്ചു.

എന്‍ജിനിയറിംഗ് സാങ്കേതികവിദ്യയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ മലയാളി എന്‍ജിനിയര്‍മാരില്‍നിന്നും തെരഞ്ഞെടുത്ത ഒരാള്‍ക്ക് 'എന്‍ജിനിയര്‍ ഓഫ് ദി ഇയര്‍' പുരസ്കാരം മീന എല്ലാവര്‍ഷവും നല്‍കി ആദരിക്കുന്നു. കേരള റെയര്‍ എര്‍ത്ത് ലിമിറ്റഡിന്റെ മേധാവിയായിരുന്ന പി.എസ്. നായര്‍ ഈവര്‍ഷത്തെ പുരസ്കാരം ജെ.പി. ബാലകൃഷ്ണന് നല്‍കി ആദരിച്ചു. ഇന്‍ഫോസിസിന്റെ ക്ളൌഡ് സെക്ഷന്‍ വൈസ് പ്രസിഡന്റും സിടിഒയുമായ അദ്ദേഹം വിവര സാങ്കേതികവിദ്യയിലുള്ള ക്ളൌഡ് കംപ്യൂട്ടിംഗിന്റെ ആവിര്‍ഭാവം സാമൂഹിക രംഗത്ത് എങ്ങനെ പ്രതിഫലിക്കുന്നു എന്ന് വിശദീകരിച്ചു.

വിരുന്നിന്റെ കോഓര്‍ഡിനേറ്റര്‍ സാബു തോമസും അധ്യക്ഷന്‍ ടോണി ജോണും ചടങ്ങിന്റെ മുഴുവന്‍ സമയവും സദസിനെ ആകര്‍ഷിക്കുന്നതും ഊര്‍ജസ്വലരാക്കുന്നതുമായ പരിപാടികള്‍കൊണ്ട് സമൃദ്ധമാക്കി. ഔപചാരിക ചടങ്ങിനുശേഷം നടന്ന കലാവിരുന്നില്‍ ജാനകി നായര്‍ നൃത്ത സംവിധാനം ചെയ്ത മോഹിനിയാട്ടം നിധി അന്‍ഗാരയും ഷാനിയ നെടിയകാലായിലും ചേര്‍ന്ന് ചുവടുവച്ചു. ഫിലിസിയ ഏബ്രഹാം ഭരതനാട്യം അവതരിപ്പിച്ചു. നീലയും, ശ്രീകുമാറും ചേര്‍ന്നുള്ള വീണ വായന പരിപാടികള്‍ക്ക് കൊഴുപ്പേകി. അവസാനമായി മലയാളി എന്‍ജിനിയര്‍മാരും അവരുടെ ഭാര്യമാരും ചേര്‍ന്ന് നടത്തിയ സമൂഹ നൃത്തം എല്ലാവര്‍ക്കും ഒരു പ്രത്യേക അനുഭവമായി.

വടക്കേ അമേരിക്കയിലുള്ള മലയാളി എന്‍ജിനിയര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും യുവതലമുറയെ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെപ്പറ്റി ബോധവാന്മാക്കുകയും ചെയ്യുന്നതുവഴി മനുഷ്യ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ് മീനയുടെ ലക്ഷ്യം. സെക്രട്ടറി ഏബ്രഹാം ജോസഫ് പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍, ഭാരവാഹികള്‍, മറ്റ് കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാവര്‍ക്കും നന്ദി പറഞ്ഞ് ആഘോഷങ്ങള്‍ക്ക് വിരാമമിട്ടു. ഫിലിപ്പ് മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം