ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ 40-ാമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനം നവംബര്‍ 28 ന്
Wednesday, November 19, 2014 8:46 AM IST
ഹൂസ്റണ്‍: കഴിഞ്ഞ മേയ് മുതല്‍ നീണ്ടു നിന്ന ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ 40-ാമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനം 'ഗ്രാന്റ് ഫിനാലെ' വിപുലമായ പരിപാടികളോടെ നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ 28 ന് (വെളളി) വൈകിട്ട് 4.30ന് ട്രിനിറ്റി ദേവാലയാങ്കണത്തില്‍ ഘോഷയാത്രയോടുകൂടി സമാപന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ഘോഷയാത്രയ്ക്ക് ഭദ്രാസന എപ്പിസ്കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ, വൈദികര്‍, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഘോഷയാത്രയ്ക്കു മുന്നോടിയായി ട്രിനിറ്റി ഹരിതവത്കരണത്തിന്റെ ഭാഗമായി ദേവാലയ പരിസരത്ത് 40 വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും. മാതൃകാപരമായ ഈ പരിപാടിക്ക് ഇടവകയിലെ ഏറ്റവും മുതിര്‍ന്ന 40 അംഗങ്ങള്‍ നേതൃത്വം നല്‍കും.

തുടര്‍ന്ന് ദേവാലയത്തില്‍ വികാരി കൊച്ചു കോശി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതു സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ, മലങ്കര ഓര്‍ത്തഡോക്സ് സഭ സൌത്ത് വെസ്റ് ഭദ്രാസന അധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ്, മെത്രാപോലീത്താ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പി. ഹാരിഷ്, ഹൂസ്റണിലെ സാമുദായിക സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കും.

ഗ്രാന്റ് ഫിനാലെയുടെ രണ്ടാംഘട്ടമായി കലാപരിപാടികള്‍ ആരംഭിക്കും. ട്രിനിറ്റിയിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വര്‍ണപകിട്ടാണ് കലാപരിപാടികള്‍ ഫിനാലേക്ക് മാറ്റു കൂട്ടും.

സമാപനത്തോടനുബന്ധിച്ച് സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നിരവധി പരിപാടികളും ജീവകാരുണ്യ പദ്ധതികളുമാണ് ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. ഹൂസ്റണിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്കല്‍ മിഷന്‍ നേതൃത്വം നല്‍കുന്നു.

ഇന്ത്യയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 40 പേര്‍ക്ക് വൈദ്യസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ സഹായം, ഭവന നിര്‍മാണ സഹായം എന്നിവ നല്‍കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. എബ്രോഡ് മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പദ്ധതികള്‍ക്കൊപ്പം ഇന്ത്യയിലെ ഒരു ഗ്രാമം ദത്തെടുത്ത് സമഗ്ര വികസനത്തിനുളള പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നു.

ഈ വര്‍ഷം നടത്തിയ പരിപാടികളില്‍ മെഗാ ബൈബിള്‍ ക്വിസ് വ്യത്യസ്തത പുലര്‍ത്തി. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ഇടവകയ്ക്ക് നേതൃത്വം നല്‍കിയ ഇമ്മാനുവല്‍ ട്രിനിറ്റി ഇടവകാംഗങ്ങളെ പൊന്നാട നല്‍കി ആദരിച്ചു. ആദ്യകാല അംഗങ്ങളെയും ആദരിച്ചു.

വികാരി കൊച്ചു കോശി ഏബ്രഹാം, വൈസ് പ്രസിഡന്റ് ജനറല്‍ കോഓര്‍ഡിനേറ്ററുമായ ജോജി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. സമാപന ചടങ്ങിലേക്ക് ഹൂസ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെ സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി