ഹൂസ്റണില്‍ മാര്‍ത്തോമ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായി
Thursday, November 20, 2014 7:19 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ക്ളെര്‍ജി കോണ്‍ഫറന്‍സിന് തുടക്കമായി.

നവംബര്‍ 21 ന് (വെളളി) രാവിലെ വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കുന്ന ത്രിദിന കോണ്‍ഫറന്‍സ് ബുധന്‍ വൈകുന്നേരം 4.30 ന് ആരാധനയോടുകൂടി ആരംഭിച്ചു.

ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തിലാണ് ഈ വര്‍ഷത്തെ വൈദിക കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പായോടൊപ്പം ട്രിനിറ്റി ഇടവക വികാരി കൊച്ചു കോശി ഏബ്രഹാം, ബേക്ക് ഇടവക വികാരി അജി വര്‍ഗീസ് എന്നിവര്‍ പ്രാരംഭ ആരാധനയ്ക്കു നേതൃത്വം നില്‍കി. ഭദ്രാസന സെക്രട്ടറി ബിനോയി ജെ. തോമസ് സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് ഭദ്രാസന എപ്പിസ്കോപ്പാ തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു. 'ചര്‍ച്ചിംഗ് ദി ഡയസ്പോര ആന്‍ഡ് മിഷന്‍ എംപവര്‍മെന്റ്' എന്ന ചിന്താവിഷയത്തെ ആദാരമാക്കി തിരുമേനി പ്രസംഗിച്ചു.

ദര്‍ശനത്തിന്റെ സാക്ഷാത്കാരമാണ് ദൌത്യം, വ്യത്യസ്തകളെ സ്വീകരിപ്പാനുളള വെല്ലുവിളി സഭ ഏറ്റെടുക്കണമെന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു.

തുടര്‍ന്ന് പ്രധാന ചിന്താവിഷയം അവതരിപ്പിച്ചുകൊണ്ട് ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരി ഷാജി തോമസ് പ്രസംഗിച്ചു.

'പ്രവാസികളുടെ ദൈവീകരണവും നിയോഗ ശാക്തീകരണവും' എന്ന വിഷയത്തെ അധികരിച്ച് കാലിക പ്രസക്തമായ ചിന്തകള്‍ പങ്കിട്ടു നല്‍കി. ദേശങ്ങളില്‍ നിന്ന് മാറി പോകേണ്ട അവസ്ഥ മാത്രമല്ല, ജീവിതത്തിന്റെ അന്യപ്പെടലുകളും പറിച്ചു നടീലും ഒറ്റപ്പെടലുകളുമെല്ലാം പ്രവാസ ജീവിതാനുഭവങ്ങളാണ്. സഭ എല്ലാ കാലഘട്ടത്തിലും സംഗതമാകേണ്ട സമൂഹമാണ്. എല്ലാ കാലങ്ങളിലും പരിവര്‍ത്തിക്കപ്പെടേണ്ട സമൂഹമാണ്. ദൌത്യം പുതിയ ദര്‍ശനങ്ങളെ പ്രോജ്വലിപ്പിക്കുന്നതായി തീരണം. ദൌത്യ നിര്‍വഹണത്തിന് ഉപയോഗിക്കുന്നതായ ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അച്ചന്‍ മുഖ്യ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് പഠനം നടന്നു. രാത്രി ഒമ്പതിന് നടന്ന ടാലന്റ് ഈവനിംഗിന് ബിജു കെ. ജോര്‍ജ് നേതൃത്വം നല്‍കി. വൈദികരുടെ കലാപരിപാടികള്‍ വ്യത്യസ്തത പുലര്‍ത്തി. മാജിക് അച്ചന്‍ എന്നറിയപ്പെടുന്ന ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി സജു മാത്യുവിന്റെ മാജിക് ഷോ വേറിട്ട അനുഭവം നല്‍കി.

ഇടവക രൂപീകരണത്തിന്റെ 40-ാമത് വര്‍ഷം കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നതില്‍ ചാരിതാര്‍ഥ്യമുണ്െടന്ന്് ട്രിനിറ്റി ഇടവക വികാരി റവ. കൊച്ചു കോശി എബ്രഹാം അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി