മണ്ഡല പൂജക്ക് ഭക്തിനിര്‍ഭരമായ തുടക്കം
Thursday, November 20, 2014 10:16 AM IST
ഫിനിക്സ് : നൂറു കണക്കിന് അയ്യപ്പഭക്തരെ സാക്ഷിയാക്കി അരിസോണയില്‍ മണ്ഡല പൂജക്ക് മഹനീയമായ തുടക്കം. നവംബര്‍ 15ന് (ശനി) ഭാരതീയ ഏകത മന്ദിറിലാണ് 41 ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡലപൂജക്ക് തുടക്കം കുറിച്ചത്. വൈകിട്ട് അഞ്ചിന് തുടങ്ങിയ പൂജാദി കര്‍മങ്ങളില്‍ അരിസോണയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി അയ്യപ്പഭക്തര്‍ ഭാഗഭാക്കായി. പൂജയോടനുബന്ധിച്ചു അയ്യപ്പ സങ്കല്‍പം, ഗണപതി പൂജ, സംഗീതാര്‍ച്ചന, പതിനെട്ടു പടിപൂജ, ദീപാരാധന, അന്നദാനം എന്നിവ നടത്തി.

ചെണ്ടമേളത്താലും മന്ത്രോച്ചാരണങ്ങളാലും ശരണമന്ത്രങ്ങളാലും മുഖരിതമായ അന്തരീഷത്തില്‍ നടന്ന ദീപാരാധന ഭക്തര്‍ക്ക് അനര്‍വചനീയമായ അനുഭവമായി. 41 ദിവസം നീണ്ടുനില്‍ക്കുന്ന ഈ മണ്ഡലകാല ദിനങ്ങളില്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഭക്തരുടെ ഭവനങ്ങളില്‍ പൂജയും ഭജനയും നടക്കും. ഡിസംബര്‍ 20 ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ വെങ്കടകൃഷ്ണ ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന അയ്യപ്പപൂജക്ക് വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അയ്യപ്പ സമാജം അരിസോണക്കുവേണ്ടി സുരേഷ് നായര്‍ അറിയിച്ചു.

മണ്ഡലകാല പൂജാദികളില്‍ പങ്കുചേര്‍ന്ന് പമ്പാവാസനായ ധര്‍മ്മശാസ്താവിന്റെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവും നേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ അവസരം എല്ലാ അയ്യപ്പ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ഹരികുമാര് കളീക്കല്‍ 4803815786, സുരേഷ് നായര്‍ 6234551553, രാജേഷ് 6023173082, വേണുഗോപാല്‍ 4802784531, ദിലീപ് പിള്ള 480516 7956.

റിപ്പോര്‍ട്ട്: മനു നായര്‍