ഷിക്കാഗോ സെന്റ് മേരീസില്‍ സകലവിശുദ്ധരുടെയും ദിനാചരണം ഭക്തിനിര്‍ഭരമായി
Friday, November 21, 2014 8:12 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ്സെന്റ് മേരീസ് ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടെയും ദിനാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഭക്തി നിര്‍ഭരമായി ആചരിച്ചു.

നവംബര്‍ രണ്ടിന് (ഞായര്‍) രാവിലെ മതബോധന ക്ളാസുകളില്‍ വിശുദ്ധരെപ്പറ്റി പ്രത്യേക ക്ളാസുകളും സ്ളൈഡ്ഷോയും പോസ്റര്‍ പ്രദര്‍ശനവും നടത്തി. തുടര്‍ന്ന് വിശുദ്ധരുടെ ചിത്രങ്ങളുമേന്തി വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞ കട്ടികളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് നടത്തിയ ഘോഷയാത്രയില്‍ മതബോധന സ്കൂളിലെ അഞ്ഞൂറോളം കുട്ടികളും എണ്‍പതോളം അധ്യാപകരും പങ്കെടുത്തു. പ്രൊസഷനില്‍ ഉടനീളം ദേവാലയത്തിലെ ഗായകസംഘം സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചു. തുടര്‍ന്ന് വിശുദ്ധരുടെ ജീവിതമാതൃക തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊള്ളാം എന്ന് പ്രഖ്യാപിക്കുന്ന സകലവിശുദ്ധരുടെയും പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. അസിസ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വികാരി ഫാ.തോമസ് മുളവനാലും അസിസ്റന്റ് വികാരി ഫാ.സുനി പടിഞ്ഞാറെക്കരെയും കുട്ടികള്‍ക്ക് സകല വിശുദ്ധരുടെയും സന്ദേശം നല്‍കി. വിശുദ്ധരുടെ ജീവിതം അനുകരിക്കുവാന്‍ വൈദികര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.

വി.കുര്‍ബാനക്കുശേഷം കുട്ടികള്‍ക്കെല്ലാം മിഠായി വിതരണം നടത്തി.

തുടര്‍ന്ന് സമാധാനത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ട് വൈദികരുടെ നേതൃത്വത്തില്‍ ബലൂണുകള്‍ ആകാശത്തേക്ക് പറത്തുന്ന ചടങ്ങ് നടന്നു. തിരുനാള്‍ ആഘോഷ പരിപാടികളില്‍ ഉടനീളം ഇടവകാംഗങ്ങള്‍ ഒന്നടങ്കം പങ്കുചേര്‍ന്നു.

സി. സേവ്യര്‍, സജി പൂതൃക്കയില്‍, ജോണി തെക്കേപറമ്പില്‍ , സാലി കിഴക്കേക്കൂറ്റ്, ബിജു പൂത്തറ, സണ്ണി മേലേടം, ചര്‍ച്ച് എക്സിക്യൂട്ടീവ്അംഗങ്ങള്‍, അധ്യാപകര്‍ പേരന്റ് വോളന്റിയേഴ്സ്, ഗായകസംഘം, ആള്‍ത്താര ശുശ്രൂഷികള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി