പ്രവാസി കേരളാ കലാസന്ധ്യാ മെല്‍ബണ്‍ സ്റാര്‍ താരമായി
Friday, November 21, 2014 8:17 AM IST
മെല്‍ബണ്‍: പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയയും ഗ്ളോബല്‍ മലയാളി കൌണ്‍സിലും സംയുക്തമായി നടത്തിയ പ്രവാസി കേരളാ കലാസന്ധ്യയില്‍ മെല്‍ബണ്‍ സ്റാര്‍ ചെണ്ടമേളം താരമായി. കലാസന്ധ്യയില്‍ വിശിഷ്ടാതിഥികളെ സ്വീകരിച്ച് സ്റേജില്‍ എത്തിക്കുക എന്ന ദൌത്യം മാത്രമാണ് ഇത്രയും നാള്‍ മെല്‍ബണ്‍ സ്റാര്‍ ചെണ്ടമേളത്തിന്റെ ടീം മറ്റു മലയാളി അസോസിയേഷനുകളില്‍ ചെയ്തിരുന്നത്.

എന്നാല്‍ പ്രവാസി കേരളാ കലാസന്ധ്യയില്‍ വിശിഷ്ടാതിഥികളായ മോന്‍സ് ജോസഫ് എംഎല്‍എയേയും പ്രശസ്ത സിനിമാതാരം നീനാ കുറുപ്പിനേയും ഹാളിന്റെ കവാടത്തില്‍ നിന്നും ആനയിച്ചുകൊണ്ട് കേരളത്തിന്റെ പരമ്പരാഗതമായ വേഷവിധാനത്തോടെ ചെണ്ടയില്‍ വ്യത്യസ്ത താളം ഇട്ട് വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികളേയും ഹാളില്‍ തിങ്ങിനിറഞ്ഞ മുഴുവന്‍ മലയാളികളേയും സാക്ഷി നിര്‍ത്തി സ്റേജില്‍ അരങ്ങേറിയ ചെണ്ടമേളം കാണികള്‍ക്ക് വിസ്മയമായി. ചടുലമായ താളലയങ്ങളോടെ അടുക്കും ചിട്ടയിലും ചെണ്ടമേളത്തിന്റെ പ്രകടനം ഏവരും ആസ്വദിച്ചു. മോന്‍സ് ജോസഫും നീനാ കുറുപ്പും അവരുടെ പ്രസംഗങ്ങളില്‍ തങ്ങള്‍ കേരളത്തില്‍ തന്നെ നില്‍ക്കുന്നു എന്നുവരെ പ്രകീര്‍ത്തിച്ചു. കേരളത്തിലെ ചെണ്ടമേളക്കാരെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവച്ച മെല്‍ബണ്‍ സ്റാര്‍ ചെണ്ടമേളത്തെ മുഴുവന്‍ മലയാളികളും ഹൃദയത്തില്‍ ഏറ്റുവാങ്ങി.

സ്കന്തമാതാ ഡാന്‍സ് സ്കൂളിലെ കുട്ടികളുടെ പ്രകടനം ഗുണനിലവാരത്തില്‍ മുന്നേറി. കൂടാതെ ഫ്രാങ്ക്സ്റണ്‍ മലയാളി കൂട്ടായ്മയില്‍ നിന്നും അവതരിപ്പിച്ച തിരുവാതിരയും കുട്ടികളുടെ കോമഡി ഡ്രാമയും സദസിന്റെ കൈയടി വാങ്ങി. ക്ളയിറ്റണ്‍ ബോഡ്വുഡ് ടീമിന്റേയും കെസിവൈഎല്‍ ടീമിന്റെയും ഫ്യൂഷന്‍ ഡാന്‍സ് കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി.

സെമി ക്ളാസിക്ക് നൃത്തങ്ങളും ക്ളാസിക്ക് നൃത്തവും മെല്‍ബണ്‍ മലയാളികള്‍ ആസ്വദിച്ചു. കൂടാതെ നിലവാരമുളള ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഗായികാ ഗായകന്മാര്‍ അവരുടെ സാന്നിധ്യം അറിയിച്ചു. ഷാജി ജേക്കബിന്റെ 'ജയന്‍ ഷോ' മലയാളികള്‍ക്ക് വേറിട്ട അനുഭവമായി. കഴിവുളള ഗുണനിലവാരം ഉളള മറ്റ് പരിപാടികള്‍ സമയക്കുറവ് മൂലം സ്റേജില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതില്‍ സംഘാടകര്‍ക്ക് ഖേദം പ്രകടിപ്പിച്ചു. ഭാവിയില്‍ ഇതുപോലെയുളള കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യാനുളള മുന്‍ കരുതലുകളും ഇതോടൊപ്പം സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രവാസി കലാസന്ധ്യ ഒരു ഇടവേളയ്ക്കുശേഷം വന്‍ വിജയമാക്കി തീര്‍ത്ത മുഴുവന്‍ മെല്‍ബണ്‍ മലയാളികള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

മെല്‍ബണിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളായ സുനു സൈമണ്‍ (കെസിവൈഎ), സി.പി. സാജു (ഒഐസിസി), സജ്ഞയ് മുത്തേടത്ത് (മാള്‍വേന്‍ മലയാളി കമ്യൂണിറ്റി), സാബു പഴയാറ്റില്‍ (ഫ്രാങ്ക്സ്റണ്‍ മലയാളി കമ്യൂണിറ്റി), ചാക്കോ അരീക്കല്‍ (പുലരി വിക്ടോറിയ), പ്രതീഷ് മാര്‍ട്ടിന്‍ (മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ), വര്‍ഗീസ് പൈനാടത്ത് (സൌത്ത് ആഫ്രിക്കന്‍ മലയാളി കമ്യുണിറ്റി), ജിജി മോന്‍ കുഴിവേലി (സീറോ മലബാര്‍ പാസ്ററല്‍ കൌണ്‍സില്‍ അംഗം) എന്നിവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍