കെഎച്ച്എന്‍എ ന്യൂയോര്‍ക്ക് റീജിയന്‍ ഏകദിന കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, November 21, 2014 10:13 AM IST
ന്യൂയോര്‍ക്ക്: 2015 ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) എട്ടാമത് നാഷണല്‍ കണ്‍വന്‍ഷന് മുന്നോടിയായി നടത്തുന്ന കെഎച്ച്എന്‍എ ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഹൈന്ദവ സംഘടനകള്‍ കൈകോര്‍ത്താണ് ഏകദിന കണ്‍വന്‍ഷന്‍ നടത്തുന്നത്.

നവംബര്‍ 22ന് (ശനി) ക്യൂന്‍സിലുള്ള ഗ്ളെന്‍ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍. നായര്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി നിഖിലാന്ദജി രാധാമാധവദം ഓസ്റിന്‍, ടെക്സസ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, ട്രഷറര്‍ രാജു പിള്ള, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം അഞ്ഞൂറോളം ഹൈന്ദവരെയാണ് കണ്‍വന്‍ഷന് പ്രതീക്ഷിക്കുന്നത്. ചെണ്ടമേളം, താലപ്പൊലി, വിവിധ സംഘടനകളില്‍ നിന്നുള്ളവരുടെ കലാപരിപാടി, പ്രശസ്ത നര്‍ത്തകി ബിന്ദ്യാ പ്രസാദ്, സാവിത്രി രാമാനുജം എന്നിവര്‍ നയിക്കുന്ന നൃത്തം എന്നിവയുണ്ടായിരിക്കും.

ഇരുപതോളം കുട്ടികളേയും മുതര്‍ന്നവരേയും ഉള്‍പ്പെടുത്തി കെഎച്ച്എന്‍എ റീജിയണല്‍ വൈസ് പ്രസിഡന്റുകൂടിയായ സ്മിതാ ഹരിദാസ് നയിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.

കെഎച്ച്എന്‍എ ഡാളസ് നാഷണല്‍ കണ്‍വന്‍ഷന് ശക്തിപകരാന്‍ ന്യൂയോര്‍ക്ക് ഏകദിന കണ്‍വന്‍ഷന് തീര്‍ച്ചയായും സാധിക്കുമെന്ന് ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ ബിജു ഗോപാലന്‍, സ്മിതാ ഹരിദാസ്, ബീനാ മേനോന്‍, റീജിയണല്‍ കോഓര്‍ഡിനേറ്റര്‍മാരായ സുനില്‍ നായര്‍, സഹൃദയന്‍ പണിക്കര്‍, രഘുവരന്‍ നായര്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. ട്രൈസ്റേറ്റില്‍ താമസിക്കുന്ന എല്ലാ ഹൈന്ദവ കുടുംബങ്ങളേയും ഈ ഏകദിന കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി കെഎച്ച്എന്‍എ നാഷണല്‍ കമ്മിറ്റി ഭാരവഹികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വിനോദ് കെയാര്‍കെ, ബാഹുലേയന്‍ രാഘവന്‍, കൃഷ്ണരാജ് മോഹന്‍, നിഷാന്ത് നായര്‍, ഷിബു ദിവാകരന്‍, മധു പിള്ള തുടങ്ങിയവരും ന്യൂയോര്‍ക്കിലെ ഹൈന്ദവ സംഘടനാ പ്രസിഡന്റുമാരായ ബാഹുലേയന്‍ രാഘവന്‍, രഘുവരന്‍ നായര്‍, പ്രസന്നന്‍, ഗംഗാധരന്‍, പാര്‍ഥസാരഥി പിള്ള, ഗോപിനാഥ കുറുപ്പ് തുടങ്ങിയവരും അഭ്യര്‍ഥിച്ചു.

റീജിയണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് കെഎച്ച്എന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു സുവനീയര്‍ പുറത്തിറക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാസുദേവ് പുളിക്കല്‍, ജയപ്രകാശ് നായര്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം