ലോകത്തിലെ മൂന്നാമത്തെ സയന്‍സ് ഗാലറി ബംഗളൂരുവില്‍
Saturday, November 22, 2014 8:53 AM IST
ബംഗളൂരു: ലോകത്തിലെ മൂന്നാമത്തെയും ഏഷ്യയിലെ ഒന്നാമത്തെയും സയന്‍സ് ഗാലറിക്കായി ബംഗളൂരു ഒരുങ്ങുന്നു. സയന്റിഫിക് തീയേറ്റര്‍ ഉള്‍പ്പെടെയുള്ള സയന്‍സ് ഗാലറി നിലവില്‍ അയര്‍ലന്‍ഡിലെ ഡബ്ളിനിലും യുകെയിലെ ലണ്ടനിലുമാണുള്ളത്.

മൂന്നാമത്തെ ഗാലറിക്കായി ഓസ്ട്രേലിയയിലെ മെല്‍ബണിനെ പിന്തള്ളിയാണ് ഐടി നഗരമായ ബംഗളൂരു മുന്നിലെത്തിയത്. ഇതിനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് ഡബ്ളിനിലെ സയന്‍സ് ഗാലറി ഇന്റര്‍നാഷണലുമായി (എസ്ജിഐ) കരാറിലെത്തി. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്) കാമ്പസില്‍ 2018 ഓടെയായിരിക്കും സയന്‍സ് ഗാലറി പൂര്‍ത്തിയാക്കുകയെന്ന് ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി എസ്.ആര്‍. പാട്ടീല്‍ അറിയിച്ചു. 25 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്.

സാധാരണ സയന്‍സ് മ്യൂസിയത്തില്‍ നിന്നു വ്യത്യസ്തമായിരിക്കും ബംഗളൂരുവിലെ ഗാലറിയെന്ന് എസ്ജിഐ ചെയര്‍മാന്‍ ക്രിസ് ഹോണ്‍ അറിയിച്ചു.

ദിവസവും വ്യത്യസ്തമായ പ്രദര്‍ശനങ്ങള്‍, ശാസ്ത്രജ്ഞരുമായി ആശയസംവാദം തുടങ്ങിയവയും പുതിയ ഗാലറിയില്‍ ഒരുക്കുന്നുണ്ട്. ഡബ്ളിനിലെ ട്രിനിറ്റി കോളജ് ഭൌതികശാസ്ത്രത്തില്‍ പേരുകേട്ടതാണ്.ലണ്ടനിലെ കിംഗ്സ് കോളജ് വൈദ്യശാസ്ത്ര രംഗത്ത് പ്രസിദ്ധിയാര്‍ജിച്ചതാണ്.അതേസമയം, ബംഗളൂരു ഐടി, വ്യോമയാനശാസ്ത്ര മേഖലകളില്‍ പേരുകേട്ടതാണ്. ഈ മേഖലകളിലാണ് ഇനി ശ്രദ്ധവയ്ക്കുന്നതെന്നും ക്രിസ് ഹോണ്‍ പറഞ്ഞു.

ബംഗളൂരുവിനു പിന്നാലെ എട്ടു ഗാലറികള്‍ക്കു കൂടി എസ്ജിഐ പദ്ധതിയിടുന്നുണ്ട്. സിംഗപ്പൂര്‍, ന്യൂയോര്‍ക്ക്, ഷിക്കാഗോ, വെനീസ് തുടങ്ങിയവയാണ് പരിഗണനയിലുള്ളത്.