ഡീപ്പര്‍ ആന്‍ഡ് ഹയ്യര്‍: ജീസസ് യൂത്ത് കോണ്‍ഫറന്‍സ് ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍
Thursday, November 27, 2014 10:17 AM IST
മെല്‍ബണ്‍: ജീസസ് യൂത്ത് ഓസ്ട്രേലിയയില്‍ സ്ഥാപിതമായതിന്റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് മെല്‍ബണിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കോണ്‍ഫറന്‍സ് 'ഡീപ്പര്‍ ആന്‍ഡ് ഹയ്യര്‍' ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ പോര്‍ട്ട്സീ ക്യാപിംഗ് സെന്ററില്‍ നടക്കും. കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍, മെല്‍ബണ്‍ അതിരൂപത സഹായ മെത്രാന്‍ ബിഷപ് വിന്‍സെന്റ് ലോംഗ്, പ്രശസ്ത സംഗീത സംവിധായകനും ഗിറ്റാറിസ്റും റെക്സ് ബാന്‍ഡ് അംഗവുമായ അല്‍ഫോന്‍സ് ജോസഫ്, ജീസസ് യൂത്തിന്റെ ഇന്റര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ സി.സി.ജോസഫ്, മെല്‍ബണിലെ ജീസസ് യൂത്ത് പ്രസ്ഥാനത്തിനെന്നും പ്രചോദനമായി നിലകൊള്ളുന്ന ഫാ.ബോണി ഏബ്രഹാം, ജീസസ് യൂത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനും കുടുംബ പ്രേഷിത രംഗത്തെ പ്രഗത്ഭനായ തോമസ് മൈക്കിള്‍, ഷെയ്ന്‍ ബെന്നറ്റ്, സാം ക്ളിയര്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ ക്ളാസുകള്‍ നയിക്കും.

മെല്‍ബണില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയുള്ള പ്രകൃതി മനോഹരമായ പോര്‍ട്ട്സീ ക്യാപിംഗ് സെന്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി മെല്‍ബണിലെ ജീസസ് യൂത്ത് പ്രവര്‍ത്തകരായ ജെന്റോ ജോയ്, അസീസ് മാത്യു, അനൂപ് ജോസഫ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍