ഡാളസില്‍ രജത ജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാര്‍ക്ക് സ്വീകരണം നല്‍കി
Saturday, November 29, 2014 10:19 AM IST
ഡാളസ്: രജത ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് എന്നീ ഇടയശ്രേഷ്ഠര്‍ക്ക് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് സെഹിയോനില്‍ നവംബര്‍ 22 ന് (ശനി) വൈകിട്ട് നടത്തിയ സ്വീകരണം പ്രൌഡഗംഭീരമായി.

ഡാളസിലെ നാല് മാര്‍ത്തോമ ഇടവകകളുടെ സംയുക്ത നേതൃത്വത്തില്‍ നടത്തിയ സമ്മേളനം ആംഗ്ളിക്കന്‍ സഭയുടെ ഡാളസ് ബിഷപ് ഡോ. റേ ആര്‍. ഷട്ടണ്‍ ഉദ്ഘാടനം ചെയ്തു.

'എന്റെ കര്‍ത്താവും എന്റെ ദൈവവുമേ' എന്ന് കര്‍ത്താവിന്റെ മുമ്പില്‍ വിശ്വാസം ഏറ്റു പറഞ്ഞ വിശുദ്ധ തോമസ് അപ്പസ്തോലന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മലങ്കര മാര്‍ത്തോമ സുറിയാനി സഭയുമായി ചേര്‍ന്ന് കമ്യുണിയന്‍ ചര്‍ച്ചായി ആംഗ്ളിക്കന്‍ സഭക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് വലിയ അനുഗ്രഹമാണെന്നും ബിഷപ്പായി കേവലം 15 വര്‍ഷമായ തനിക്ക് 25 വര്‍ഷം പൂര്‍ത്തീകരിച്ച ബിഷപ്പുമാരെ അനുമോദിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാവാന്‍ സാധിച്ചത് ജീവിതത്തിന്റെ അപൂര്‍വ നിമിഷങ്ങളായി കാണുന്നുവെന്നും ബിഷപ് ഡോ. റേ ആര്‍. ഷട്ടണ്‍ അഭിപ്രായപ്പെട്ടു. ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ. യുയാക്കിം മാര്‍ കൂറിലോസ് എന്നീ എപ്പിസ്കോപ്പാമാര്‍ ഡിസംബര്‍ ഒമ്പതിന് മാര്‍ത്തോമ സഭയില്‍ മേല്‍പട്ടത്വ ശുശ്രൂഷയില്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.

സ്വീകരണ സമ്മേളനത്തില്‍ ഡാളസിലെ നാല് മാര്‍ത്തോമ ഇടവകളില്‍ നിന്നും ഏകദേശം 50 അംഗങ്ങള്‍ ഉള്‍പ്പെട്ട ഗായക സംഘം സുറിയാനി ഭാഷയില്‍ അവതരിപ്പിച്ച സ്വാഗത ഗാനവും സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികളെ ആനയിച്ച ചടങ്ങും ഏവരുടെയും പ്രത്യേക പ്രശംസ നേടി.

ഫാ. എ.വി തോമസിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ വൈദികരെ പ്രതിനിധികരിച്ച് ഫാ. ഒ.സി. കുര്യന്‍, സംഘടനകളെ പ്രതിനിധികരിച്ച് ഫാ. ജോര്‍ജ് ജേക്കബ്, നാല് ഇടവകകളെ പ്രതിനിധികരിച്ച് യഥാക്രമം പി.വി. തോമസ്, സജി പി. ജോര്‍ജ്, സന്തോഷ് ചാക്കോ, ബോബി സി. മാത്യു എന്നിവരും ഭദ്രാസനത്തെ പ്രതിനിധികരിച്ച് ട്രഷറര്‍ പ്രഫ. ഫിലിപ്പ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാരെപ്പറ്റി അവതരിപ്പിച്ച സ്ളൈഡ് ഷോ പുതിമ നിറഞ്ഞതും വിസ്മയപരവുമായിരുന്നു. സ്വീകരണങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മാര്‍ തിയഡോഷ്യസ്, മാര്‍ കൂറിലോസ് എന്നീ ബിഷപ്പുമാര്‍ സംസാരിക്കുകയും ജൂബിലി കേക്ക് മുറിക്കുകയും ചെയ്തു. റവ. മാത്യു ജോസഫിന്റെ പ്രാര്‍ഥനയോടുകൂടി സമാപിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്‍വീനര്‍ റവ. സജി തോമസ് സ്വാഗതം ചെയ്യുകയും റവ. സാം മാത്യു നന്ദി അറിയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം