ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ കുറ്റക്കാരന്‍
Saturday, November 29, 2014 10:19 AM IST
ന്യൂയോര്‍ക്ക്: 2005 ഒക്ടോബര്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെയുളള കാലഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നില്‍കി മെഡി കെയറില്‍ നിന്നും 19 മില്യണ്‍ തട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ രാജേഷ് ഡോഷി (59) കുറ്റക്കാരനെന്നു കോടതി കണ്െടത്തി.

അടുത്ത മാര്‍ച്ചില്‍ ശിക്ഷ വിധിക്കുമെന്ന് ജസ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ ഡിവിഷന്‍ അസിസ്റന്റ് അറ്റോര്‍ണി ജനറല്‍ ലസ്ലി ആര്‍ കാഡ് വെല്‍ പറഞ്ഞു. നവംബര്‍ 14നാണ് കോടതി രാജേഷ് കുറ്റക്കാരനാണെന്ന് വിധിച്ചത്.

ഹോം ഹെല്‍ത്ത് കെയറിനുവേണ്ടി മെഡികെയര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് രോഗികളെ റഫര്‍ ചെയ്തതുള്‍പ്പെടെ 14 ഗൂഡാലോചനക്കുറ്റങ്ങളാണ് ഡോക്ടറുടെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. രാജേഷ് കുറ്റം സമ്മതിച്ചിരുന്നു. ഹോം ഹെല്‍ത്ത് സ്ഥാപനങ്ങള്‍ നടത്തി ലക്ഷക്കണക്കിന് ഡോളര്‍ മെഡികെയറിലൂടെ തട്ടിയെടുത്ത കേസുകളില്‍ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ എഫ്സിഐ പിടികൂടിയിട്ടുണ്ട്.

ജസ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ ഡിവിഷന്‍ ഹോം ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍