ഡോ. കവിത ബിജിക്ക് അമേരിക്കന്‍ അക്കാഡമിയുടെ അസോസിയേറ്റ് ഫെല്ലോഷിപ്പ്
Monday, December 1, 2014 6:34 AM IST
കൊച്ചി: അമേരിക്കന്‍ അക്കാഡമി ഓഫ് ഇംപ്ളാന്റ് ഡെന്റിസ്ട്രിയുടെ അസോസിയേറ്റ് ഫെല്ലോഷിപ്പിന് പ്രമുഖ ദന്തരോഗ വിദഗ്ധ ഡോ. കവിതാ ബിജി അര്‍ഹയായി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളിയും ആദ്യ മലയാളി വനിതയുമാണ് ഡോ. കവിത. അമേരിക്കയിലെ ഫ്ളോറിഡയില്‍ വെച്ച് നടന്ന അക്കാഡമിയുടെ വാര്‍ഷിക യോഗത്തില്‍ വെച്ച് അസോസിയേറ്റ് ഫെല്ലോഷിപ്പ് സമ്മാനിച്ചു.

ലോകമെമ്പാടുമുള്ള അയ്യായിരത്തിലേറെ വരുന്ന ദന്തരോഗ വിദഗ്ധരുടെ ഏറ്റവും പഴക്കമേറിയ സംഘടനയാണ് അമേരിക്കന്‍ അക്കാഡമി ഓഫ് ഇംപ്ളാന്റ് ഡന്റിസ്ട്രി. ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന 655-മത് വ്യക്തിയാണ് ഡോ. കവിത. ഇംപ്ളാന്റ് ഡെന്റിസ്ട്രിയില്‍ 300 മണിക്കൂര്‍ പ്രാക്ടീസിനു പുറമെ, നിരവധി പരീക്ഷകളും, ഇന്റര്‍വ്യൂകളും വിജയകരമായി പൂര്‍ത്തീകരിച്ചാണ് ഡോ. കവിത ഈ നേട്ടം കൈവരിച്ചത്.

കൊച്ചി കാക്കനാട്ട് 'ഡോക്ടര്‍ 32' എന്ന പേരില്‍ സ്വന്തം ക്ളിനിക്ക് നടത്തുന്ന കവിത പറമ്പില്‍ ലാലു ജോര്‍ജ്- മേഴ്സി ദമ്പതികളുടെ ഏക മകളും, കാക്കനാട് സ്വദേശി തേക്കാനത്ത് ബിജി കുര്യന്റെ ഭാര്യയുമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം