ട്രൈസ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ആഘോഷിച്ചു
Monday, December 1, 2014 6:36 AM IST
ഫിലാഡല്‍ഫിയ: വിസ്മയം വിതറുന്ന ഫിലാഡല്‍ഫിയയ്ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റേറ്റ് കേരളാ ഫോറം, കേരളത്തിന്റെ അമ്പത്തിയേഴാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. നവംബര്‍ എട്ടാംതീയതി ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ സുരേഷ് നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഒരേ ഭാഷ സംസാരിക്കുകയും, സമാനമായ ജീവിതരീതി പിന്തുടരുകയും ചെയ്യുന്ന ഒരു ജനതയുടെ ദീര്‍ഘകാല അഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു 1956 നവംബര്‍ ഒന്നിലെ കേരളപ്പിറവിയെന്നും, മാതൃഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം വിദ്യാഭ്യാസത്തിലും ഭരണതലത്തിലും ലഭിക്കാതെ പോകുന്നതിനെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടിരുന്ന വേളയില്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതില്‍ ലോകമെമ്പാടമുള്ള മലയാളി സമൂഹത്തിന് അനല്പമായ ആഹ്ളാദമുണ്െടന്നും സുരേഷ് നായര്‍ പറഞ്ഞു.

തുടര്‍ന്ന് ഫൊക്കാനാ പ്രതിനിധി ജോര്‍ജ് ഓലിക്കല്‍, പമ്പ പ്രതിനിധി അലക്സ് തോമസ്, ജോസഫ് മാണി (കോട്ടയം അസോസിയേഷന്‍), ജോര്‍ജ് ജോസഫ് (ഫ്രണ്ട്സ് ഓഫ് തിരുവല്ല), ജോര്‍ജ് മാത്യു (ഫ്രണ്ട്സ് ഓഫ് റാന്നി), ജോര്‍ജ് ഏബ്രഹാം (സൌത്ത് ജേഴ്സി), സോമരാജന്‍ പി.കെ (എസ്.എന്‍.ഡി.പി), രാജന്‍ സാമുവേല്‍, സജി കരിങ്കുറ്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്‍ സ്വാഗതവും, ട്രഷറര്‍ സാജന്‍ വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു

വിഭവസമൃദ്ധമായ അത്താഴ വിരുന്നിനുശേഷം പ്രശസ്ത ഗായകന്‍ ശബരീനാഥ് അവതരിപ്പിച്ച സംഗീതനിശയും സൂരജ് ദിനമണി, മനോജ് ലാമണ്ണില്‍, അനൂപ് എന്നിവരുടെ മിമിക്രി കലാശില്‍പവും അരങ്ങേറി. സുരേഷ് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം