കമ്യൂണിറ്റി അവയര്‍നസ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇവന്റ് വന്‍വിജയം
Monday, December 1, 2014 10:10 AM IST
ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോട്ടയം അസോസിയേഷനും വാര്‍ധക്യത്തിന്റെ പടിവാതിക്കല്‍ എത്തി നില്‍ക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ പകല്‍വീടായി ഫിലാഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ബെന്‍സേലം അഡല്‍റ്റ് ഡേ കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് (ശനി) സൌജന്യ കമ്യൂണിറ്റി അവയര്‍നസ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇവന്റ് സംഘടിപ്പിച്ചു.

പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പങ്കെടുത്ത നിരവധി ആളുകള്‍ കോട്ടയം അസോസിയേഷന്റെ നൂതന സംരംഭത്തെ പ്രശംസിച്ചു. റവ. ഫാ. എം.വി ഏബ്രഹാമിന്റെ പ്രാര്‍ഥനയോടുകൂടി സെമിനാര്‍ ആരംഭിച്ചു. ഫിലാഡല്‍ഫിയ കോര്‍പ്പറേഷന്‍ ഫോര്‍ ഏജിസിനുവേണ്ടി ഒരുക്കിയ പവിലിയനിലും നൈറ്റ് എയ്ഡ് ഫാര്‍മസിയുടെ സൌജന്യ ഫ്ളു ഷോട്ട് പവിലിയനിലും വളരെയധികം തിരക്ക് അനുഭവപ്പെടുകയും ഫിലാഡല്‍ഫിയ കോര്‍പ്പറേഷന്‍ ഫോര്‍ ഏജിംഗില്‍നിന്നുള്ള മലയാളി സെക്യൂരിറ്റി, സീനിയര്‍ ലോ തുടങ്ങിയ വിവിധ സൌജന്യ പദ്ധതികളെക്കുറിച്ച് പരിചയ സമ്പന്നര്‍ എത്തിച്ചേരുകയും ചെയ്തു.

ഡോ. ആനന്ദ് ഹരിദാസ് (കാര്‍ഡിയോളജിസ്റ്), ഡോ. ആനി മാത്യു (ജന. മെഡിസിന്‍), ഡോ. സത്യ വര്‍മ്മ (നേത്രരോഗ വിദഗ്ധന്‍), പിയാനോ, ട്രൂടോണ്‍ ഹിയറിംഗ് നടത്തുകയും തുടര്‍ന്നുനടന്ന അവബോധന യോഗത്തില്‍ ജോബി ജോര്‍ജ് (കോട്ടയം അസോസിയേഷന്‍), നൈനാന്‍ മത്തായി (ബെന്‍സേലം അഡല്‍ട്ട് ഡേ കെയര്‍), റിക് സ്പെക്ടര്‍ (ഫിലാഡല്‍ഫിയ കോര്‍പ്പറേഷന്‍ ഫോര്‍ ഏജിംഗ്), മേരി ഏബ്രഹാം (പിയാനോ), മാത്യു ഏബ്രഹാം (കെയറിംഗ് സീനിയര്‍ സര്‍വീസ്), ജോസഫ് കുന്നേല്‍, ഇവറ്റ് ടെയിലര്‍ (അറ്റോര്‍ണീസ്) എന്നിവര്‍ ചേര്‍ന്ന് അറിഞ്ഞിരിക്കേണ്ട പൊതു നിയമങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും ഡോ. ആനി മാത്യു വൈദ്യപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ. വര്‍മ്മ നേത്രപരിശോധനയെക്കുറിച്ചും ഡോ. ആനന്ദ് ഹരിദാസ് ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും വിശദീകരിച്ചു.

കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മാണി, നൈനാന്‍ മത്തായി എന്നിവര്‍ സംയുക്തമായി ഏവര്‍ക്കും നന്ദി പറഞ്ഞു. സെക്രട്ടറി ബെന്നി കൊട്ടാരത്തില്‍, ആഷ്ലി മാത്യു (ബെന്‍സേലം അഡള്‍ട്ട് ഡേ കെയര്‍) എന്നിവര്‍ എംസിമാരായിരുന്നു. ഉച്ചഭക്ഷണത്തോടുകൂടി ചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്ന് സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ ഗാനമേളയും നടത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സീമ്യേേമാമീരശമശീിേ.ീൃഴ, യലിമെഹലാമറൌഹറേമ്യരമൃലരലിൃല.രീാ

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്