ആഷ്ടണ്‍ കാര്‍ട്ടര്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക്
Thursday, December 11, 2014 5:53 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ ഗവണ്‍മെന്റ് സ്വീകരിച്ച പ്രതിരോധ നയങ്ങളെ എക്കാലത്തും ശക്തമായ പിന്തുണച്ചിട്ടുള്ള ആഷ്ടണ്‍ കാര്‍ട്ടറെ അമേരിക്കന്‍ ഡിവന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശിച്ചു.

ഡിസംബര്‍ അഞ്ചിനാണ് ഇതു സംബന്ധിച്ചുള്ള നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഒബാമയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ കാര്‍ട്ടറെ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതിലൂടെ അമേരിക്കയും ഇന്ത്യയും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണം വര്‍ധിപ്പിക്കുക എന്നതാണ് ഒബാമ ലക്ഷ്യമിടുന്നത്.

2013ല്‍ ഇന്ത്യ സന്ദര്‍ശിച്ച കാര്‍ട്ടര്‍ ഹൈടെക് ഡിഫന്‍സ് ഉത്പന്നങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന് സമര്‍പ്പിച്ചിരുന്നു. അതുപോലെ ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ ന്യൂക്ളിയര്‍ കരാറിന് പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുമായി നല്ലൊരു സുഹൃദ് ബന്ധം സ്ഥാപിക്കുന്നതിനുള്ള ദൃഢനിശ്ചയമാണ് ഇന്ത്യന്‍ വംശജരേയും ഇന്ത്യന്‍ നയങ്ങളെ പിന്തുണയ്ക്കുന്നവരേയും തന്ത്രപ്രധാന സ്ഥാപനങ്ങളില്‍ നിയമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍