ഹൂസ്റനിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഹാര്‍ട്ട് വാക്കില്‍ പങ്കെടുത്തു
Friday, December 12, 2014 5:08 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ രാജ്യവ്യാപകമായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സംഘടിപ്പിച്ച ഹാര്‍ട്ട് വാക്കില്‍ സംബന്ധിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ നിവാരണത്തിനും ചികില്‍സക്കും റിസര്‍ച്ചിനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അമേരിക്കയിലെ ഒരു പ്രമുഖ മെഡിക്കല്‍ സംഘടനയാണ് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ തുടങ്ങിയ നടപ്പ് വ്യായാമ പരിപാടികളില്‍ അനേകായിരങ്ങള്‍ പങ്കെടുക്കാറുണ്ട്.

ഹൃദയാരോഗ്യത്തിന്റെ പുഷ്ടിക്കും വളര്‍ച്ചക്കും മാത്രമല്ല ഒരു മാനസികോല്ലാസം എന്ന രീതിയിലും ഈ സംഘടിതമായ വാക്കത്തോണ്‍ ഏവരേയും ആകര്‍ഷിക്കുന്നു. ഇക്കൊല്ലം ഹൂസ്റനില്‍ നടത്തിയ ഹാര്‍ട്ട് വാക്കില്‍ ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ അംഗങ്ങളും ഭാരവാഹികളും സജീവമായി പങ്കെടുക്കുകയും അമേരിക്കന്‍ ഹാര്‍ട്ട് അസ്സേസിയേഷനായി ഫണ്ട് ശേഖരിക്കുകയും ചെയ്തു. ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരുമായ അക്കാമ്മ കല്ലേല്‍, സാലി സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഴ്സസിനൊപ്പെം അവരുടെ കുടുംബാംഗങ്ങളും ഈ ആരോഗ്യദായകമായ മൈലുകള്‍ താണ്ടിയുള്ള നടപ്പില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്