മദ്യ ലഹരിയില്‍ അബോധാവസ്ഥയില്‍ മഞ്ഞില്‍ കിടന്ന നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു
Saturday, December 13, 2014 6:59 AM IST
മിനിസോട്ട: മദ്യ ലഹരിയില്‍ അബോധാവസ്ഥയില്‍ മഞ്ഞില്‍ കിടന്ന നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു. കോളജ് വിദ്യാര്‍ഥികളുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഡിസംബര്‍ ഒമ്പതിന് (ചൊവ്വ) രാത്രി മിനിസോട്ട ബിമിഡ്ജി യൂണിവേഴ്സിറ്റി നഴ്സിംഗ് വിദ്യാര്‍ഥിനിയായ സാന്ദ്ര ലോമന്‍(20) കോളജ് ക്യാമ്പസില്‍ നിന്നും പുറപ്പെട്ടത്. പാര്‍ട്ടിയില്‍ വെച്ചു നല്ലതുപോലെ മദ്യപിച്ച വിദ്യാര്‍ഥിനി ബുധനാഴ്ച പുലര്‍ച്ച രണ്േടാടെ കാമ്പസിലേക്ക് മടങ്ങി. മദ്യലഹരിയില്‍ നടത്തു നീങ്ങിയ സാന്ദ്ര തണുത്തുറഞ്ഞു കിടന്ന ക്രിക്കിലേക്ക് മറിഞ്ഞു വീണു.

അവിടെ നിന്നും എഴുന്നേറ്റ് അമ്പതടി ദൂരം നടക്കുന്നതിനിടയില്‍ ക്രീക്കിനു സമീപം ഉറഞ്ഞു കിടന്നിരുന്ന മഞ്ഞില്‍ അബോധാവസ്ഥയില്‍ വീഴുകയായിരുന്നു.

ബുധനാഴ്ച രാവിലെ 8.30-നാണ് ഒരു യാത്രക്കാരന്‍ വിദ്യാര്‍ഥി മഞ്ഞില്‍ വീണു കിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തുമ്പോള്‍ ശ്വാസം നിലച്ചിട്ടില്ലായിരുന്നുവെങ്കിലും അല്പസമയത്തിനുളളില്‍ ഹൈപൊ തെര്‍മിയാ മൂലം വിദ്യാര്‍ഥിനി മരിക്കുകയായിരുന്നു. ഡിസംബര്‍ 12 വെളളിയാഴ്ചയാണ് പോലീസ് സംഭവം പുറത്തു വിട്ടത്.

ഒട്ടോപ്സിക്കുശേഷം മാത്രമേ മരണകാരണം വ്യക്തമാക്കാന്‍ കഴിയുകയുളളൂ എന്ന് ചീഫ് പറഞ്ഞു. വിദ്യാര്‍ഥിനിക്ക് മദ്യം വാങ്ങി കൊടുത്തതാരാണെന്ന് അന്വേഷിക്കുമെന്നും ചീഫ് കൂട്ടിച്ചേര്‍ത്തു. കോളജ് പാര്‍ട്ടിയില്‍ പങ്കെടുത്തു അര്‍ധരാത്രിക്കുശേഷം വീട്ടിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനികളുടെ അപകട മരണത്തെക്കുറിച്ചുളള നിരവധി റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. മാതാപിതാക്കളും കുട്ടികളും ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍