നാനാക്ക് സദന്‍ സിക്ക് ടെമ്പിളിന്റെ ഉദ്ഘാടനം നടത്തി
Saturday, December 13, 2014 10:26 AM IST
കലിഫോര്‍ണിയ: കലിഫോര്‍ണിയ നോര്‍ത്ത് ഹില്‍സില്‍ നാനാക്ക് സദന്‍ സിക്ക് ടെംബിളിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ ആറിന് നടന്നു. ഒരു ദശാബ്ദമായി സിക്ക് കമ്യൂണിറ്റിയുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.

2003 ലാണ് സിക്ക് ടെമ്പിളിനുളള സ്ഥലം കണ്െടത്തിയത്. 2009 ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാലുവര്‍ഷം കൊണ്ട് 2.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ടെമ്പിളിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

13,000 ചതുരശ്ര അടി വിസ്തീര്‍ണമുളള കമ്യൂണിറ്റി സെന്റര്‍ കെട്ടിട സമുച്ചയത്തില്‍ പ്രധാനപ്പെട്ട ഡര്‍ബാര്‍ ഹാള്‍ (ഗുരുദ്വാര) എല്ലാ ആധുനിക സൌകര്യങ്ങളോടെയാണ് നിര്‍മിച്ചിരിക്കുന്നത്. പുതിയ തലമുറക്ക് സിക്ക് ചരിത്രവും സംസ്കാരവും പകര്‍ന്ന് നല്‍കുന്നതിനുളള പഠന ക്ളാസുകള്‍ സംഘടിപ്പിക്കുന്നതിനുളള സൌകര്യവും ഇവിടെ സജീകരിച്ചിട്ടുണ്ട്.

കീര്‍ത്തനങ്ങളും ഭജനകളും ഗുരുദ്വാരയില്‍ മുഴങ്ങുന്നതിനിടെ ടെമ്പിളിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. കോണ്‍ഗ്രസ് മാല്‍ ബ്രാഡ് ഷെര്‍മന്‍, ലോസാഞ്ചല്‍സ് കൌണ്ടി ഷെറീഫ് തലവന്‍ ജെയിംസ് ലോപസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നാനാക്ക് സദന്‍ സിക്ക് ടെമ്പിള്‍ പ്രസിഡന്റ് മൊക്സിന്ദര്‍ സിംഗ് അധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഗുരുദ്വാരകള്‍ ഉളളത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍