യുഎസ് സര്‍ജന്‍ ജനറലായി ഇന്ത്യന്‍ വംശജന്‍ വിവേക് മൂര്‍ത്തിയെ നിയമിച്ചതിന് സെനറ്റിന്റെ അംഗീകാരം
Tuesday, December 16, 2014 5:29 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ സര്‍ജന്‍ ജനറലായി ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ.വിവേക് മൂര്‍ത്തിയെ (37) പ്രസിഡന്റ് ബറാക്ക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തത് യു.എസ്. സെനറ്റ് അംഗീകരിച്ചു. ഡിസംബര്‍ 15-ന് തിങ്കളാഴ്ച സെറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 51 പേര്‍ നിയമനത്തെ അംഗീകരിച്ചപ്പോള്‍ 43 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.

അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന ഡോക്ടര്‍ തസ്തികയിലുള്ള വ്യക്തി രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനെ ചില അംഗങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. ഗണ്‍ കണ്‍ട്രോള്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഇവയില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ള വിവേക് മൂര്‍ത്തി രാഷ്ട്രീയ വൃത്തങ്ങളില്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ അദ്ധ്യാപകനായ വിവേക് ബോസ്റണ്‍ ബ്രിഹം ആന്‍ഡ് വിമന്‍സ് ആശുപത്രിയിലെ ഡോക്ടറാണ്. ഒബാമയുടെ ഹെല്‍ത്ത് കെയര്‍ നിയമത്തിന്റെ ശക്തനായ പ്രചാരകനാണ് വിവേക്.

യുഎസ് ഇന്ത്യന്‍ അംബാസിഡറായി രാഹുല്‍ വര്‍മ്മയെ ഐക്യകണ്ഠ്യേന നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. വിവേകിന്റെ നിയമനത്തോടെ യു.എസ്. ഉന്നത തസ്തികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ സ്ഥാനം നേടി.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍