സംസാരത്തിലെ മൊഴിമാറ്റം ഇനി സ്കൈപിലൂടെയും
Tuesday, December 16, 2014 10:16 AM IST
ബര്‍ലിന്‍: ആധുനിക ലോകത്തിന്റെ മുഖമുദ്രയായ സൈബര്‍ യുഗത്തില്‍ മലയാളത്തിനുവരെ മൊഴിമാറ്റം സാധ്യമായപ്പോള്‍, ലോകത്തെ വീഡിയോ നെറ്റിലൂടെ ബന്ധിപ്പിക്കുന്ന സ്കൈപ്പ് മെസഞ്ചര്‍ പുതിയ പരിഷ്കാരത്തിലൂടെ ഇനിയും സംസാരത്തിന്റെ മൊഴിമാറ്റം നടത്തിതരും. ഭാഷയുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ചെഴുതുന്ന ഇക്കാലത്ത് മൈക്രോസോഫ്റ്റ് കമ്പനിയാണ് തങ്ങളുടെ സ്കൈപ് മെസഞ്ചര്‍ പതുവല്‍ക്കരിക്കുന്നത്.

സംസാരത്തില്‍ ഭാഷ ഒരു പ്രശ്നമേ അല്ലെന്നാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വാദം. അതിനായി 'സ്കൈപ് ട്രാന്‍സലേറ്റര്‍ പ്രിവ്യൂ പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തിനാണ് മൈക്രോസോഫ്റ്റ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യമായി നടത്തിയ പരീക്ഷണത്തില്‍ സ്പാനിഷ് ഭാഷയില്‍ നിന്ന് ഇംഗ്ളീഷിലേക്കുളള റിയല്‍ടൈം മൊഴിമാറ്റമാണ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

മെക്സിക്കോ സിറ്റിയിലെ ഒരു സ്കൂളില്‍ സ്പാനിഷ് സംസാരിക്കുന്ന ഒരു ക്ളാസിലെ കുട്ടികളും ഇംഗ്ളീഷ് സംസാരിക്കുന്ന മറ്റൊരു ക്ളാസിലെ കുട്ടികളും തമ്മില്‍ പുതുക്കിയ സ്കൈപ് മെസഞ്ചറിലൂടെ സംസാരിച്ചത് പരീക്ഷണാടിസ്ഥാനത്തില്‍ വിജയം കണ്ടെത്തി. സ്കൈപ് ട്രാന്‍സലേറ്റര്‍ അതിന്റെ പ്രവൃത്തി വളരെ ഭംഗിയായി നിര്‍വഹിച്ചതുവഴി തികച്ചും ഉചിതമായ മൊഴിമാറ്റം നടത്തി കുട്ടികള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കി ക്ളീന്‍ ചിറ്റ് നല്‍കിയെന്ന് മൈക്രോസോഫ്റ്റ് വക്താവ് വെളിപ്പെടുത്തി. റിയല്‍ടൈം മൊഴിമാറ്റത്തിന്റ ആദ്യപടിയാണ് സ്പാനിഷ് ഇംഗ്ളീഷ് മൊഴിമാറ്റമെന്ന് കമ്പനി പ്രതിനിധി ഗുര്‍ദീപ് പാല്‍ അറിയിച്ചു.

'യൂണിവേഴ്സല്‍ ട്രാന്‍സലേറ്റര്‍' എന്ന ആശയമാണ് ഇതിന്റെ പിന്നിലെ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി സംസാരത്തിന്റെ മൊഴിമാറ്റം നാല്‍പ്പത് ഭാഷകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തെ ഗവേഷണഫലമാണ് പുതിയ കണ്ടുപിടുത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍