ഓക്ലാന്‍ഡില്‍ ക്രിസ്മസ് ആഘോഷിച്ചു
Wednesday, December 17, 2014 6:34 AM IST
ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി. ഈ വര്‍ഷത്തെ അധ്യയന വര്‍ഷത്തിലെ ക്ളാസുകളുടെ പരിസമാപ്തി കുറിക്കുന്നതിനോടനുബന്ധിച്ച് ക്രിസ്മസ് ആഘോഷവും സമ്മാനദാനവും നടത്തി.

ഡിസംബര്‍ 14ന് (ഞായര്‍) ഉച്ചകഴിഞ്ഞ് എല്ലേഴ്സ്ലി സെന്റ് മേരീസ് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സണ്‍ഡേ സ്കൂള്‍ ക്വയറിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങുകളിലേക്ക് ഹെഡ്മാസ്റര്‍ ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് വിവിധ ക്ളാസുകളിലെ കുട്ടികളുടെ ക്വയറിന്റെ ആഭിമുഖ്യത്തില്‍ കരോള്‍ ഗാനങ്ങള്‍, സ്കിറ്റുകള്‍, ആക്ഷന്‍ സോംഗുകള്‍, ഡാന്‍സുകള്‍ എന്നിവ നടത്തി.

ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര ക്രിസ്മസ് ആശംസകളും അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യമ്പറമ്പില്‍ ക്രിസ്മസ് സന്ദേശവും നല്‍കി. തുടര്‍ന്ന് അര്‍ധവാര്‍ഷിക, വാര്‍ഷിക പരീക്ഷകളിലെ സംയുക്ത വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. നൂറു ശതമാനം ഹാജര്‍ നല്‍കിയ 33 കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കി. തുടര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ച് വിതരണം ചെയ്തു. ക്രിസ്മസ് ഫ്രണ്ടിനുള്ള 'സീക്രട്ട് സാന്റ' സമ്മാനങ്ങളും കൈമാറി.

ജോസ് ജോസഫ് നന്ദി പറഞ്ഞു. തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്ക് ഒന്നാം ക്ളാസിലെ കുട്ടികളാണ് നേതൃത്വം നല്‍കിയത്. സണ്‍ഡേ സ്കൂള്‍ ക്വയറിന്റെ ഗാനാലാപനം വളരെ മികച്ചതായിരുന്നു.

ക്രിസ്മസിനോടനുബന്ധിച്ചുള്ള പാതിരാ കുര്‍ബാന, ഡിസംബര്‍ 24ന് രാത്രി എട്ടിന് എല്ലേഴ്സ്ലി കാത്തലിക് പള്ളിയില്‍ നടക്കും. യൂത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ക്രിസ്മസ് ട്രീയില്‍ നിന്ന് സമ്മാനങ്ങള്‍ നേടാന്‍ കുട്ടികള്‍ക്ക് അവസരം ഉണ്ടായിരിക്കും. പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രാര്‍ഥനകളും കുര്‍ബാനയും 31ന് രാത്രി 11ന് ആരംഭിക്കും. സണ്‍ഡേ സ്കൂളിന്റെ അടുത്ത വര്‍ഷത്തെ ക്ളാസുകള്‍ ഫെബ്രുവരി എട്ടിന് ആരംഭിക്കും.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍