ക്രിസ്മസ് ആഘോഷങ്ങളിലൂടെ..
Wednesday, December 17, 2014 6:45 AM IST
സീറോ മലബാര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ക്രിസ്മസ് ആഘോഷം

ബംഗളൂരു: സീറോ മലബാര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

എപ്പിസ്കോപ്പല്‍ വികാരി റവ. ഡോ. മാത്യു കോയിക്കര, യൂത്ത് ഡയറക്്ടര്‍ ഫാ. സജി കളപ്പുരയ്ക്കല്‍, ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ജോണ്‍സണ്‍, ജോസഫ് ഐക്കര, പോള്‍ ഡോമിനിക്, ജോസ് വേങ്ങത്തടം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കലാപരിപാടികളും കരോള്‍ ഗാനവും ക്രിസ്മസ് സമ്മാനവിതരണവും നടന്നു.


തേജസ് വോയ്സ് കരോള്‍ മത്സരം

ബംഗളൂരു: വിശുദ്ധ ഫ്രാന്‍സിസ് സാലസ് മിഷണറി സമൂഹത്തിന്റെ ദൈവശാസ്ത്ര പഠനകേന്ദ്രമായ തേജസ് വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കരോള്‍ മത്സരം നടത്തി. ശിശുക്ഷേമ സ്ഥാപനമായ നെസ്റ് ചില്‍ഡ്രന്‍ ഹോമില്‍ നടത്തിയ മത്സരത്തില്‍ വിവിധ സന്യാസ സഭാംഗങ്ങളും ഇടവകാംഗങ്ങളുമായിരുന്നു മത്സരാര്‍ഥികള്‍.

എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍ ഫാ. ഏബ്രഹാം വെട്ടുവേലില്‍ മുഖ്യാതിഥിയായിരുന്നു. എസ്എഫ്എസ് മ്യൂസിക് അക്കാഡമിയിലെ മൂന്നു സംഗീതജ്ഞര്‍ വിധികര്‍ത്താക്കളായെത്തി.

ഇംഗ്ളീഷ്, കന്നഡ വിഭാഗങ്ങള്‍ വേര്‍തിരിച്ചു നടത്തിയ മത്സരത്തില്‍ ഇംഗ്ളീഷ് വിഭാഗത്തില്‍ യെലഹങ്ക വേളാങ്കണ്ണി മാതാ ഇടവക ഒന്നാം സ്ഥാനവും ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടാം സ്ഥാനവും ദര്‍ശന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കന്നഡ വിഭാഗത്തില്‍ ദര്‍ശന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം സ്ഥാനവും ഉത്തരഹള്ളി സെന്റ് ആന്റണീസ് ഇടവക രണ്ടാം സ്ഥാനവും കെങ്കേരി ഉപനഗര ഫ്രാന്‍സിസ് ഓഫ് അസീസി ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കരോള്‍ ഗാനമത്സരം: സെന്റ് ആന്റണീസ് വാര്‍ഡ് ജേതാക്കള്‍

ബംഗളൂരു: വിജയനഗര്‍ മേരിമാതാ ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു നടന്ന വാര്‍ഡ്തല കരോള്‍ ഗാനമത്സരത്തില്‍ സെന്റ് ആന്റണീസ് വാര്‍ഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേരിമാതാ വാര്‍ഡ് രണ്ടാം സ്ഥാനവും സെന്റ് തോമസ് വാര്‍ഡ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് വികാരി ഫാ. ജോബ് പുത്തേട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


താരകവഴിയേ

ദൈവകൃപയുടെ ഉത്സവം / ഫാ. സുബാഷ് ചള്ളംകാട്ടില്‍ ഒ.പ്രേം വികാരി, സെന്റ് നോര്‍ബര്‍ട്ട് ചര്‍ച്ച്, കസവനഹള്ളി



ശാന്തിയും സമാധാനവും വാഗ്ദാനം ചെയ്യുന്ന ക്രിസ്തുവിന്റെ തിരുപ്പിറവി ഒരിക്കല്‍കൂടി നാം ആഘോഷിക്കുകയാണ്.

ക്രിസ്മസ് സ്നേഹത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും ദൈവത്തിന്റെ അനന്തകൃപയുടെയും ഉത്സവമാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിച്ച സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഈ സന്ദേശം തലമുറകളായി കോടാനുകോടി ജനങ്ങള്‍ക്കു പ്രത്യാശയും ആശ്വാസവും നല്കി ജനഹൃദയങ്ങളില്‍ ഇന്നും മാറ്റൊലി കൊള്ളുകയാണ്. സ്നേഹം തണുത്തുറഞ്ഞ മനുഷ്യഹൃദയങ്ങളില്‍ സ്നേഹത്തിന്റെ ഊഷ്മളത പകരാന്‍ ഈ ക്രിസ്മസ് ഇടയാകട്ടെ.

വര്‍ണപ്പൊലിമയാര്‍ന്ന നക്ഷത്രവിളക്കുകള്‍ തെളിച്ചും മനോഹരമായ പുല്‍ക്കൂടുകള്‍ നിര്‍മിച്ചും ആശംസകളും സമ്മാനങ്ങളും കൈമാറിയും ഈ ക്രിസ്മസും നമ്മള്‍ ആഘോഷിക്കുമ്പോള്‍ സ്നേഹരാഹിത്യങ്ങളുടെ ഈ ഊഷരഭൂമിയില്‍ സ്നേഹത്തിന്റെയും ശാന്തിയുടെയും ത്യാഗത്തിന്റെയും ഇലച്ചാര്‍ത്തുകളാകാന്‍ ഈ ക്രിസ്മസ് നമുക്ക് അവസരമാകട്ടെ.